അറിവിന്റെ അക്ഷര ഗോപുരം: തളങ്കരത്തിളക്കത്തിൽ മുസ്ലിം ഹയർ സെക്കണ്ടറി സ്ക്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്
അറിവിന്റെ തളങ്കരത്തിളക്കം

തളങ്കര കുതിക്കുന്നു: അറിവിന്റെ തളങ്കരത്തിളക്കം
തളങ്കര: വിദ്യാഭ്യാസ മേഖലയിൽ നാഴികക്കല്ലായി മാറിയ ഗവ. മുസ്ലിം ഹയർ സെക്കൻഡറി സ്കൂളിന് അഞ്ച് കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി കേരള സർക്കാർ ഓരോ മണ്ഡലത്തിലും ഒരു സ്കൂളിന് തുക അനുവദിച്ചപ്പോൾ കാസർകോട് എം.എൽ.എ. എൻ.എ. നെല്ലിക്കുന്ന് താൻ പഠിച്ച സ്കൂൾതന്നെ അതിന് തിരഞ്ഞെടുക്കുകയായിരുന്നു. പുതിയ കെട്ടിടത്തിൽ ഇരുപത്തിഒന്ന് ക്ലാസ് മുറികളും ഒരു ലാബും ആധുനികരീതിയിലുള്ള അടുക്കളയും ഭക്ഷണ ഹാളും സജ്ജീകരിച്ചിട്ടുണ്ട്. പുതുതായി ശൗചാലയങ്ങളും ഒരുക്കിയിട്ടുണ്ട്. സ്കൂൾ മുറ്റം മുഴുവൻ കൊരുപ്പുകട്ട പാകിയിട്ടുണ്ട്.
കെട്ടിടത്തിന്റെ ഉദ്ഘാടനം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷനാകും. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ശിലാഫലകം അനാച്ഛാദനം നിർവഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥി ആയിരിക്കും. ഉദ്ഘാടനപരിപാടി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാടിന്റെ ഉത്സവമാക്കി മാറ്റാൻ പി.ടി.എ.യും പൂർവ വിദ്യാർഥി സംഘടനയും ഒരുക്കം തുടങ്ങിക്കഴിഞ്ഞു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പഠനം നടത്തിയ ചരിത്രം ഈ വിദ്യാലയത്തിന് പറയാനുണ്ട്.
ഒരുകാലത്ത് തളങ്കര പ്രദേശത്തുകാർക്ക് സ്കൂൾ പഠനം നടത്താൻ ഏക ആശ്രയംതന്നെ ഈ വിദ്യാലയമായിരുന്നു. അവിടെനിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ ഉയർന്ന പദവികൾ വഹിക്കുന്നു. ഒരുകാലത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നാക്കംനിന്നിരുന്ന ഒരു പ്രദേശത്തെ ഉയിർത്തെഴുന്നേൽപിക്കുന്നതിൽ സ്കൂൾ വഹിച്ച പങ്ക് നിസ്തുലമാണ്.

