അഞ്ചു വിക്കറ്റുമായി അക്ഷര്‍; ഇംഗ്ലണ്ടിനെ 317 റണ്‍സിന് തകര്‍ത്ത് പരമ്പരയില്‍ ഒപ്പമെത്തി ഇന്ത്യ

ചെന്നൈ: ആദ്യ ടെസ്റ്റിലെ തോൽവിക്ക് ഇംഗ്ലണ്ടിനോട് പകരം വീട്ടി ഇന്ത്യ. രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 317 റൺസിന് തകർത്ത് ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി (1-1). സ്കോർ: ഇന്ത്യ – 329/10, 286/10, ഇംഗ്ലണ്ട് – 134/10, 164/10.
ഇന്ത്യ ഉയർത്തിയ 482 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 164 റൺസിന് പുറത്തായി.
രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലാണ് ഇംഗ്ലണ്ടിനെ തകർത്തത്. അശ്വിൻ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ കുൽദീപ് രണ്ടു വിക്കറ്റെടുത്തു.
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 26 റൺസെടുത്ത ഡാനിയൽ ലോറൻസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.
പിന്നാലെ 51 പന്തുകൾ നേരിട്ട് എട്ടു റൺസെടുത്ത ബെൻ സ്റ്റോക്ക്സും പുറത്തായി. അശ്വിനാണ് ഇരുവരെയും മടക്കിയത്.
സ്കോർ 110-ൽ എത്തിയപ്പോൾ ഒലി പോപ്പിനെ (12) അക്ഷർ പട്ടേൽ മടക്കി. പിന്നാലെ ബെൻ ഫോക്സിനെ (2) കുൽദീപും പുറത്താക്കി.
ഉച്ചഭക്ഷണത്തിനു പിന്നാലെ 92 പന്തുകൾ നേരിട്ട് 33 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടിനെ അക്ഷർ മടക്കിയതോടെ ഇംഗ്ലണ്ടിന്റെ വിധി എഴുതപ്പെട്ടിരുന്നു.
പിന്നാലെ ഒലി സ്റ്റോണിനെയും (0) അക്ഷർ മടക്കി. 18 പന്തിൽ തകർത്തടിച്ച് 43 റൺസെടുത്ത മോയിൻ അലിയെ കുൽദീപ് യാദവിന്റെ പന്തിൽ ഋഷഭ് സ്റ്റമ്പ് ചെയ്തതോടെ ഇംഗ്ലണ്ട് ഇന്നിങ്സിന് അവസാനമായി.
റോറി ബേൺസ് (25), ഡൊമിനിക് സിബ്ലി (3), ജാക്ക് ലീച്ച് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
തിങ്കളാഴ്ച അശ്വിന്റെ സെഞ്ചുറിയുടെയും (106) ക്യാപ്റ്റൻ വിരാട് കോലിയുടെ അർധ സെഞ്ചുറിയുടെയും (62) പിൻബലത്തിൽ രണ്ടാം ഇന്നിങ്സിൽ 286 റൺസെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനു മുന്നിൽ വെച്ചത് 482 എന്ന കൂറ്റൻ ലക്ഷ്യമായിരുന്നു.
സെഞ്ചുറി നേടുകയും ആദ്യ ഇന്നിങ്സിൽ അഞ്ചുവിക്കറ്റ് വീഴ്ത്തുകയും ചെയ്ത അശ്വിൻ സ്വപ്നതുല്യമായ പ്രകടനമാണ് പുറത്തെടുത്തത്.
ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ രോഹിത് ശർമയുടെയും (161), അർധ സെഞ്ചുറി നേടിയ രഹാനെ (67), ഋഷഭ് പന്ത് (58) എന്നിവരുടെയും മികവിലാണ് ഇന്ത്യ 329 റൺസെടുത്തത്.
പിന്നാലെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ മികവിൽ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ വെറും 134 റൺസിൽ ഒതുക്കിയിരുന്നു.

