10 മാസത്തിനിനിടെ ജില്ലയിൽ ചൈൽഡ് ലൈനിൽ റജിസ്റ്റർ ചെയ്തത് 329 കേസുകൾ

കാസർകോട്∙ കഴിഞ്ഞ 10 മാസത്തിനിടെ ചൈൽഡ് ലൈനിൽ റജിസ്റ്റർ ചെയ്തത് 329 കേസുകൾ. 2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെ ജില്ലയിലെ ചൈൽഡ് ലൈനിൽ 329 കേസുകളാണ് റജിസ്റ്റർ ചെയ്തത്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം സംബന്ധിച്ച് 50 കേസുകളും ശാരീരിക പീഡനം സംബന്ധിച്ച് 41 കേസുകളുമാണുള്ളത്. ഇതിൽ 120 കേസുകൾ തുടർനടപടികൾക്കായി ചൈൽഡ് വെൽഫയർ കമ്മിറ്റിക്കു മുൻപാകെ ഹാജരാക്കി. ചൈൽഡ്‌ലൈൻ ഉപദേശക സമിതി യോഗത്തിൽ ഡപ്യൂട്ടി കലക്ടർ എം.കെ.ഷാജി അധ്യക്ഷത വഹിച്ചു. ചൈൽഡ്‌ലൈൻ ജില്ലാ കോ ഓർഡിനേറ്റർ അനീഷ് ജോസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്.എൻ സരിത, ചൈൽഡ് പ്രൊട്ടകഷൻ ഓഫിസർ സി.എം.ബിന്ദു, സി ഡബ്ല്യു സി അംഗം മണി. ജി. നായർ, ചൈൽഡ്‌ലൈൻ നോഡൽ ഡയറക്ടർ മാത്യു സാമുവൽ, ലീഗൽ സർവീസ് അതോറിറ്റി സെക്ഷൻ ഓഫിസർ എ. ദിനേശ, ചൈൽഡ്‌ലൈൻ സപ്പോർട്ട് ഡയറക്ടർ സുധാകരൻ തയ്യിൽ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ കുട്ടികളുടെ സംരക്ഷണ സംവിധാനങ്ങളെക്കുറിച്ചുള്ള പോസ്റ്റർ പ്രകാശനം ചെയ്തു.

