മഞ്ചേശ്വരത്ത് ഇത്തവണ ആര് വിജയക്കൊടി നാട്ടും

കാസർകോട് : കേരള നിയമസഭയിലേയ്ക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരിൽ അന്നും ഇന്നും ഒരേ ഒരു ആളേ ഉള്ളൂ . -എം ഉമേശ് റാവു . 1957 ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ആയിരുന്നു തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഇടം നേടിയ ഈ സംഭവം ഉണ്ടായത് . അന്നു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തിൽ കാലം മാറിയപ്പോൾ കണക്കുകൾ മാറി . വിജയപരാജയങ്ങൾ മാറിമറിഞ്ഞു . ഒരു തവണ ബി ജെ പി 89 വോട്ടിനു പരാജയം അംഗീകരിച്ച മണ്ഡലത്തിൽ ഇത്തവണയും തീപാറുന്ന മത്സരത്തിനു കളമൊരുങ്ങുകയാണ്.നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാനുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലീഗ് . ഒരിക്കൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായിപ്പോയ വിജയത്തെ ഇത്തവണയെങ്കിലും ചുണ്ടോട് ചേർക്കണമെന്ന പ്രതീക്ഷയിലും കണക്കു കൂട്ടലിലുമാണ് ബി ജെ പി . അതേ സമയം 2006 ലെ ത്രസിപ്പിക്കുന്ന വിജയത്തിന്റെ തനിയാവർത്തനത്തിനു ഒരുങ്ങുകയാണ് സി പി എം . മുൻ മന്ത്രിയും സിറ്റിംഗ് എം എൽ എയുമായിരുന്ന ചെർക്കളം അബ്ദുള്ളയെ അടിയറവ് പറയിപ്പിച്ച് മൂന്നാം സ്ഥാനത്തേക്ക് എത്തിച്ച ചരിത്രം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി . മഞ്ചേശ്വരത്തിന്റെ വർത്തമാനം നെഞ്ചിടിപ്പിക്കുന്ന പോരാട്ടങ്ങളിലേയ്ക്ക് നീങ്ങുമ്പോൾ മണ്ഡലത്തിന്റെ പഴയ ചരിത്രത്തിലേയ്ക്ക് ഊളിയിട്ട് ഒഴുക്കുകളും അടിയൊഴുക്കുകളും തേടുന്നതിന്റെ തിരക്കിലാണിപ്പോൾ മണ്ഡലത്തിലെ പ്രവർത്തകരും നേതാക്കളും . 1960 ൽ കേരളം ആദ്യത്തെ ഇടക്കാല തെരെഞ്ഞെടുപ്പു നേരിട്ടു . അന്ന് സ്വതന്ത്ര സ്ഥാന ത്ഥിയായി മഹാബല ഭണ്ഡാരിയും സി പി ഐയിലെ കാമപ്പ മാസ്റ്ററും നേർക്കുനേർ പോരാടിയപ്പോൾ വിജയം മഹാബല ഭണ്ഡാരിക്കൊപ്പമായിരുന്നു . കാമപ്പ മാസ്റ്റർ നേടിയ 13,131 വോട്ടിനെതിരെ 23,129 വോട്ടു നേടി മഹാബല ഭണ്ഡാരി മഞ്ചേശ്വരത്തിന്റെ മണ്ണിൽ വിജയക്കൊടി നാട്ടി കേരള നിയമസഭയിലെത്തി . 1965 ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര വേഷം ഉപേക്ഷിച്ച് സിറ്റിംഗ് എം എൽ എയായ മഹാബല ഭണ്ഡാരി കോൺഗ്രസ് സ്ഥാനാർത്ഥിയായി . എം രാമണ്ണ റൈ സി പി എം സ്ഥാനാർത്ഥിയായും പി നാരായണ ഭട്ട് സ്വതന്ത്രനായും രംഗത്തിറങ്ങിയപ്പോൾ മത്സരത്തിനു മൂർച്ച കൂടിയെങ്കിലും വിജയം ഭണ്ഡാരിക്കായിരുന്നു . രാമണ്ണറൈ 15,139 വോട്ടു നേടിയപ്പോൾ ഭണ്ഡാരി 20,983 വോട്ടു നേടിയാണ് വിജയിച്ചത് . സ്വതന്ത്രനായ പി നാരായണഭട്ടിനു 4,319 വോട്ടു ലഭിച്ചു . 1967 ൽ മണ്ഡലം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടു . കെ മഹാബല ഭണ്ഡാരി , കെ എം ഭണ്ഡാരി എന്ന പേരിൽ സ്വതന്ത്രനായും എം രാമണ്ണ റൈ , എം ആർ റൈ എന്ന പേരിലും മത്സര രംഗത്തിറങ്ങിയപ്പോൾ കോൺഗ്രസ് മത്സര രംഗത്തിറക്കിയത് എ കൊറഗനെ ആയിരുന്നു . 23,471 വോട്ടു നേടിയ കെ എം ഭണ്ഡാരി വിജയിച്ചു . എം ആർ റൈ 18,690 വോട്ടും കൊറഗനു 980 വോട്ടും ലഭിച്ചു . 1970 ൽ വീണ്ടും ജനവിധി ഉണ്ടായി . സി പി ഐ , സി പി എം സ്ഥാനാർത്ഥികൾ നേർക്കുനേർ പോരാടിയ തെരഞ്ഞെടുപ്പായിരുന്നു അത് . സി പി എമ്മിലെ ബി എം രാമയ്യപ്പെട്ടി 13,634 വോട്ടും സ്വതന്ത്രനായി മത്സരിച്ച യു പി കുനിക്കുല്ലായ 17,491 വോട്ടും നേടിയപ്പോൾ വിജയം എം രാമപ്പ എന്ന കമ്മ്യൂണിസ്റ്റുകാരനൊപ്പമായിരുന്നു . വിജയം കൊയ്തെടുത്തു ; 18,686 വോട്ടു കരസ്ഥമാക്കി അദ്ദേഹം വിജയക്കൊടി പാറിച്ചു . 1977 ലെ തെരഞ്ഞെടുപ്പിൽ എത്തിയപ്പോൾ പോത്തോട്ടത്തിന്റെയും രക്ത സാക്ഷികളുടെയും നാട്ടിലെ രാഷ്ട്രീയ അന്തരീക്ഷം മാറി . സി പി ഐയിലെ എം രാമപ്പ 25,709 വോട്ടോടെ വിജയിച്ചു . ബി എൽ ഡിയിലെ എച്ച് ശങ്കര ആൾവ 21,100 വോട്ടും സ്വതന്ത്രനായി മത്സരിച്ച എൻ വെങ്കിടേഷ് റാവുവിനു 1622 വോട്ടും ലഭിച്ചു .1980 ലെ തെരഞ്ഞെടുപ്പു കാലത്തോടെ മഞ്ചേശ്വരത്തിന്റെ രാഷ്ട്രീയാന്തരീക്ഷം വീണ്ടും മാറി . മുസ്ലീം ലീഗിനു മണ്ഡലത്തിൽ ആദ്യത്ത സ്ഥാനാർത്ഥി ഉണ്ടായി- ചെർക്കളം അബ്ദുള്ളയിലൂടെ . വാശിയേറിയ മത്സരത്തിൽ 20,816 വോട്ടു നേടിയ ഡോ . എ സുബ്ബ റാവു വിജയിച്ചുവെങ്കിലും ചെർക്കളത്തിനു പരാജയത്തിന്റെ കയ്പ്പു നീരു കുടിക്കേണ്ടി വന്നത് നിസാര വോട്ടുകൾക്ക് . ചെർക്കളം 20,660 വോട്ടു നേടി . രണ്ടു സ്വതന്ത്രന്മാർക്കുമായി 11,138 വോട്ടും ലഭിച്ചു . 1982 ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഡോ . എ സുബ്ബറാവുവിലൂടെ മഞ്ചേശ്വരം മണ്ഡലത്തിൽ സി പി ഐ മേധാവിത്തം ആവർത്തിച്ചു . കോൺഗ്രസിൽ നിന്നു എൻ രാമകൃഷ്ണൻ മത്സരിച്ചു . പ്രസ്തുത തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്നു ആദ്യമായി ജനവിധി തേടിയ ബി ജെ പി മൂന്നാം സ്ഥാനത്തായെങ്കിലും ശക്തമായ രാഷ്ട്രീയ ശക്തി തെളിയിച്ച തെരഞ്ഞെടുപ്പ് ആയിരുന്നു അത് .

