പത്തുപേരായി ചുരുങ്ങിയ ഹൈദരാബാദിനോട് സമനില നേടി രക്ഷപ്പെട്ട് മോഹന് ബഗാന്

വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരും നിലവിലെ ഒന്നാം സ്ഥാനക്കാരുമായ എ.ടി.കെ മോഹൻ ബഗാനെ സമനിലയിൽ കുരുക്കി ഹൈദരാബാദ് എഫ്.സി പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. അഞ്ചാം മിനിട്ടിൽ പത്തുപേരായി ചുരുങ്ങിയിട്ടുപോലും ഹൈദരാബാദ് ഉശിരൻ പ്രകടനമാണ് കാഴ്ചവെച്ചത്. അർഹിച്ച ജയമാണ് ഹൈദരാബാദിന് നഷ്ടമായത്. രണ്ടുതവണ മത്സരത്തിൽ ലീഡെടുത്തിട്ടും ടീമിന് വിജയിക്കാനായില്ല.
ഹൈദരാബാദിനായി നായകൻ അരിഡാനെ സന്റാനയും പകരക്കാരനായി എത്തിയ റോളണ്ട് ആൽബെർഗും ഗോളുകൾ കണ്ടെത്തിയപ്പോൾ മോഹൻ ബഗാന് വേണ്ടി മൻവീർ സിങ്ങും പ്രീതം കോട്ടാലും സ്കോർ ചെയ്തു.
ഈ സമനിലയിലൂടെ ഹൈദരാബാദ് നാലാം സ്ഥാനത്തും മോഹൻ ബഗാൻ ഒന്നാം സ്ഥാനത്തും തുടരുന്നു. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോഴും ഇരുടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ഹൈദരാബാദ് നായകൻ അരിഡാനെ സന്റാന മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
മത്സരം തുടങ്ങി അഞ്ചാം മിനിട്ടിൽ തന്നെ ഹൈദരാബാദിന്റെ പ്രതിരോധതാരം ചിങ്ക്ളൻ സന ചുവപ്പുകാർഡ് കണ്ട് പുറത്തായി. മോഹൻ ബഗാന്റെ ഡേവിഡ് വില്യംസിനെ ഫൗൾ ചെയ്തതിനാണ് സനയ്ക്ക് റഫറി ചുവപ്പുകാർഡ് വിധിച്ചത്. ഇതോടെ അഞ്ചാം മിനിട്ടിൽ തന്നെ ഹൈദരാബാദ് പത്തുപേരായി ചുരുങ്ങി.
പക്ഷേ പത്തുപേരായി ചുരുങ്ങിയിട്ടും ഹൈദരാബാദ് എട്ടാം മിനിട്ടിൽ മോഹൻ ബഗാനെതിരേ ലീഡെടുത്തു. അരിഡാനെ സന്റാനയാണ് ടീമിനായി ഗോൾ നേടിയത്. മോഹൻ ബഗാൻ പ്രതിരോധതാരങ്ങളുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്.
പ്രീതം കോട്ടാൽ നൽകിയ മൈനസ് പാസ് സ്വീകരിക്കുന്നതിൽ ടിറിയും ഗോൾകീപ്പർ അരിന്ധം ഭട്ടാചാര്യയും പരാജയപ്പെട്ടു. ഈ അവസരം മുതലെടുത്ത സന്റാന പന്ത് വലയിലേക്ക് തട്ടിയിട്ടു. ഭാഗ്യത്തിന്റെ അകമ്പടിയോടെ പന്ത് വലയിലെത്തി. ഇതോടെ ഹൈദരാബാദ് മത്സരത്തിൽ 1-0 ന് ലീഡെടുത്തു. സന്റാനയുടെ ഈ സീസണിലെ പത്താം ഗോളാണിത്.
ഗോൾ വഴങ്ങിയതോടെ മോഹൻ ബഗാൻ ആക്രമിച്ച് കളിച്ചു. എന്നാൽ ഹൈദരാബാദ് അതിനെ നന്നായി തന്നെ പ്രതിരോധിച്ചു. പത്തുപേരായി ചുരുങ്ങിയിട്ടുപോലും ആക്രമിച്ച് കളിക്കാനാണ് ഹൈദരാബാദ് ശ്രമിച്ചത്.
രണ്ടാം പകുതിയിൽ സമനില ഗോൾ നേടാൻ മോഹൻ ബഗാൻ ആക്രമിച്ചുകളിച്ചു. എന്നാൽ ഹൈദരാബാദ് പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. പക്ഷേ കൗണ്ടർ അറ്റാക്കുകളിൽ ടീം മികച്ചുനിന്നു. 55-ാം മിനിട്ടിൽ ഹൈദരാബാദിന്റെ ഹാളിചരൺ നർസാരി എടുത്ത ഫ്രീകിക്ക് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി.
എന്നാൽ 57-ാം മിനിട്ടിൽ എ.ടി.കെ മോഹൻ ബഗാൻ മത്സരത്തിലെ സമനില ഗോൾ നേടി. മുന്നേറ്റതാരം മൻവീർ സിങ്ങാണ് ടീമിനായി സമനില ഗോൾ കണ്ടെത്തിയത്. ഡേവിഡ് വില്യംസിന്റെ പാസ്സ് സ്വീകരിച്ച മൻവീർ ബോക്സിന്റെ വലതുവശത്തുനിന്നും തൊടുത്ത ഉഗ്രൻ കിക്ക് ഗോൾകീപ്പർ കട്ടിമണിയെ കീഴ്പ്പെടുത്തി വലയിൽ തുളച്ചുകയറി. താരം ഈ സീസണിൽ നേടുന്ന അഞ്ചാം ഗോളാണിത്. ഇതോടെ സ്കോർ 1-1 എന്ന നിലയിലെത്തി.
ഗോൾ നേടിയതോടെ മോഹൻ ബഗാന്റെ ആവേശം പതിന്മടങ്ങ് വർധിച്ചു. ഇതോടെ ഹൈദരാബാദ് പ്രതിരോധം വിയർത്തു. എന്നാൽ ബഗാനെ ഞെട്ടിച്ചുകൊണ്ട് ഹൈദരാബാദ് വീണ്ടും മത്സരത്തിൽ മുന്നിൽ കയറി. 75-ാം മിനിട്ടിലാണ് ഗോൾ പിറന്നത്.
പകരക്കാരനായി ഇറങ്ങിയ റോളണ്ട് ആൽബെർഗാണ് ടീമിനായി രണ്ടാം ഗോൾ നേടിയത്. പകരക്കാരനായി വന്ന ആദ്യ ടച്ചിൽ തന്നെ ഗോൾ നേടിക്കൊണ്ടാണ് ആൽബെർഗ് വരവറിയിച്ചത്. നായകൻ അരിഡാനെ സന്റാന ഹെഡ്ഡറിലൂടെ നൽകിയ പാസ്സ് സ്വീകരിച്ച ആൽബെർഗ് പന്ത് അനായാസം വലയിലെത്തിച്ചു. ഇതോടെ സ്കോർ 2-1 എന്ന നിലയിലായി. ലിസ്റ്റൺ കൊളാസോയ്ക്ക് പകരമാണ് ആൽബെർഗ് ഗ്രൗണ്ടിലെത്തിയത്.
സന്ദേശ് ജിംഗാൻ പരിക്കേറ്റ് പുറത്തായത് മോഹൻ ബഗാന് കൂടുതൽ തലവേദന സമ്മാനിച്ചു. വീണ്ടും ഗോൾ വഴങ്ങിയതോടെ മോഹൻ ബഗാൻ കൂടുതൽ പ്രതിരോധത്തിലായി. ഹൈദരാബാദ് പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിച്ചു. എന്നാൽ ഇൻജുറി ടൈമിൽ സമനില ഗോൾ വഴങ്ങി ഹൈദരാബാദ് അർഹിച്ച വിജയം നഷ്ടപ്പെടുത്തി.
ഇൻജുറി ടൈമിന്റെ മൂന്നാം മിനിട്ടിൽ പ്രീതം കോട്ടാലാണ് മോഹൻ ബഗാന് വേണ്ടി രണ്ടാം ഗോൾ നേടിയത്. കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. ഡേവിഡ് ലൂയിസ് എടുത്ത കിക്ക് സ്വീകരിച്ച കോമൾ പന്ത് ബോക്സിലേക്ക് ഉയർത്തി നൽകി. ഇത് ഗോൾകീപ്പർ കട്ടിമണി തട്ടിയകറ്റി. എന്നാൽ പന്ത് നേരെ പ്രീതം കോട്ടാലിന്റെ കാലുകളിലേക്കാണ് എത്തിയത്. അദ്ദേഹം പന്ത് അനായാസം വലയിലെത്തിച്ച് സ്കോർ 2-2 എന്ന നിലയിലെത്തിച്ചു. വൈകാതെ മത്സരം അവസാനിക്കുകയും ചെയ്തു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം…

