KSDLIVENEWS

Real news for everyone

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

SHARE THIS ON

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്. ശമ്പള കുടിശ്ശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ച് നാളെ മുതൽ അനിശ്ചിതകാല ബഹിഷ്കരണ സമരം ആരംഭിക്കുമെന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.

മെഡിക്കൽ കോളേജ് ഡോക്ടർമാരുമായി രണ്ടാഴ്ച മുമ്പ് സർക്കാർ ചർച്ച നടത്തിയിരുന്നു. ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കാമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ആവശ്യങ്ങൾ പരിഗണിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ നിയോഗിക്കാമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാമെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇതിനുള്ള നടപടി ഉണ്ടാകാത്തതിനാലാണ് ഡോക്ടർ സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചത്.

ബുധനാഴ്ച സംസ്ഥാനതലത്തിൽ ഡോക്ടർമാർ വഞ്ചനാ ദിനം ആചരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കരിദിനം ആചരിക്കും. വിഐപി ഡ്യൂട്ടി, പേ വാർഡ് ഡ്യൂട്ടിയും അധിക ജോലിയും ബഹിഷ്കരിക്കും. നോൺ കോവിഡ്-നോൺ എമർജൻസി യോഗങ്ങളും ബഹിഷ്കരിക്കും. പത്താം തീയതി സെക്രട്ടേറിയറ്റിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. മാർച്ച് 17ന് 24 മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്നും ഡോക്ടർമാരുടെ സംഘടന അറിയിച്ചു.

സംസ്ഥാനത്തെ മറ്റെല്ലാ ജീവനക്കാർക്കും കാലതാമസം കൂടാതെ ശമ്പള വർദ്ധന നൽകിയപ്പോൾ സ്വന്തം ജീവൻ പോലും അവഗണിച്ചു സംസ്ഥാനത്തെ കോവിഡ് ദുരന്തത്തിൽ നിന്നു കര കയറ്റാൻ പ്രയത്നിച്ച മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് അർഹമായ ആനുകൂല്യങ്ങൾ പോലും നൽകിയില്ലെന്ന് കെജിഎംസിടിഎ കുറ്റപ്പെടുത്തി. ആവശ്യങ്ങൾ ഉടൻ അംഗീകരിക്കണമെന്നും, അനാവശ്യസമരത്തിലേക്ക് മെഡിക്കൽ കോളേജ് ഡോക്ടർമാരെ തള്ളിയവിടരുതെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!