KSDLIVENEWS

Real news for everyone

മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി;മോർച്ചറിയിലേക്ക് മാറ്റി;പോസ്റ്റ്‌മോർട്ടം ടേബിളിൽ യുവാവിന് ജീവൻ വെച്ചു

SHARE THIS ON

ബെംഗളൂരു: വാഹനാപകടത്തിൽ പരിക്കേറ്റ് മരിച്ചെന്നുകരുതി മോർച്ചറിയിലേക്ക് മാറ്റിയ യുവാവിന് പോസ്റ്റ്മോർട്ടം ടേബിളിൽ ‘ജീവൻ വെച്ചു’. ബാഗൽകോട്ടിലെ മഹാലിംഗപുര ടൗണിലാണ് 27-കാരനായ ശങ്കർ ഷന്മുഖ് ഗോംബിക്ക് ഡോക്ടർമാരുടെ പിഴവിൽ നഷ്ടപ്പെടുമായിരുന്ന ജീവൻ തലനാരിഴയ്ക്ക് തിരിച്ചുകിട്ടിയത്.

മൃതദേഹപരിശോധനയ്ക്കായി പോസ്റ്റ്മോർട്ടം ടേബിളിലേക്ക് മാറ്റിയെങ്കിലും ഇയാളുടെ കാലുകൾ അനങ്ങുന്നത് മോർച്ചറിജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ഇതോടെ ജീവനക്കാർ ബന്ധുക്കളെയും മറ്റ് ആശുപത്രിജീവനക്കാരെയും വിവരമറിയിച്ചു. പിന്നീട് ബന്ധുക്കൾ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് ചികിത്സയോട് പ്രതികരിച്ചുവരുന്നതായി സ്വകാര്യ ആശുപത്രി അറിയിച്ചു. സംഭവത്തിൽ മഹാലിംഗപുരം സർക്കാർ ആശുപത്രിക്കും ഡോക്ടർക്കുമെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസമാണ് ബൈക്കപകടത്തിൽ ശങ്കർ ഷന്മുഖിന് ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാർ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ, രക്ഷപ്പെടാനുള്ള സാധ്യതയില്ലാത്തതിനാൽ യുവാവിനെ മണിക്കൂറുകൾക്കുശേഷം വെന്റിലേറ്ററിൽനിന്ന് മാറ്റി. ഇതോടെ ബന്ധുക്കൾ യുവാവിനെ മഹാലിംഗപുരത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു.

ഡ്യൂട്ടി ഡോക്ടർ പരിശോധിച്ചതിനുശേഷം യുവാവ് മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു. തുടർന്ന് മൃതദേഹപരിശോധനയ്ക്കായി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരുകയാണെന്നും കുറ്റക്കാർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നും താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. ജി.എസ്. ഗലഗാലി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!