അതിജീവനത്തിന്റ പുതിയ അധ്യായം: വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ വിസ്മൃതിയിലായ വെള്ളാർമല സ്കൂളിലെ പരീക്ഷ എഴുതിയ 53 കുട്ടികളും ജയിച്ചു; അസ്നയ്ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്

മേപ്പാടി: എസ്.എസ്.എൽ.സി. പരീക്ഷയിൽ ഇത്തവണയും നൂറുശതമാനം വിജയം കൈവരിച്ച് വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ സ്വന്തം ജീവിതത്തിൽ അതിജീവനത്തിന്റെ പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കുകയാണ്. ഇത് തുടർച്ചയായി എട്ടാംതവണയാണ് ഈ വിദ്യാലയം എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിക്കുന്നത്.
2024 ജൂലായ് 30-നുണ്ടായ ഉരുൾദുരന്തത്തിൽ വിസ്മൃതിയിലായ വിദ്യാലയത്തിൽനിന്ന് മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂൾകെട്ടിടത്തിലേക്ക് ചേക്കേറിയ വിദ്യാർഥികളാണ് നടുക്കുന്ന ഓർമ്മകളും സങ്കടക്കടലും നീന്തിക്കടന്ന് അതിജീവനത്തിന്റെ പാതയിൽ വിജയം നേടിയത്. 53 വിദ്യാർഥികളാണ് ഇത്തവണ ഈ വിദ്യാലയത്തിൽനിന്ന് എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത്.
ഇവരിൽ മുഴുവൻപേരും വിജയിച്ചു. ഒരു കുട്ടിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ദുരന്തത്തെ അതിജീവിച്ച് കുന്നമ്പറ്റയിലെ വാടകവീട്ടിൽ കഴിയുന്ന മൻസൂറിന്റെയും കൗലത്തിന്റെയും മകൾ പി. അസ്നയാണ് ഈ മിടുക്കി. ദുരന്തംവരെ ചൂരൽമലയിലെ സ്വന്തംവീട്ടിൽ കഴിഞ്ഞിരുന്ന അസ്നയുടെ കുടുംബം ഇതുവരെ സർക്കാരിന്റെ പുനരധിവാസപദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല.
വെള്ളാർമല ജി.വിഎച്ച്.എസ്.എസിലെ കുട്ടികളും അധ്യാപകരും പരിമിതമായ സാഹചര്യങ്ങളെയും മറികടന്നാണ് മിന്നുന്ന വിജയം കൈവരിച്ചത്. ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ദുരന്തത്തിന്റെ നടുക്കത്തിൽനിന്ന് ഏറക്കുറെ മോചിതരായെങ്കിലും ഒൻപതിലും പത്തിലും പഠിക്കുന്ന വിദ്യാർഥികളിൽ പലരും ദുരന്തത്തിന്റെ നടുക്കത്തിൽനിന്ന് ഇതുവരെ ഉണർന്നിട്ടില്ലെന്ന് പ്രധാനാധ്യാപകൻ പി. അബ്ദുൾ മുനീറും സീനിയർ അധ്യാപകൻ ഉണ്ണികൃഷ്ണനും പറഞ്ഞു.
പ്രതിസന്ധിയിലും തളരാത്ത മനോവീര്യവും കഠിനപ്രയത്നവുമാണ് ഈ നേട്ടത്തിന്റെ പിന്നിലെന്നും അധ്യാപകർ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ വെള്ളാർമലയിലെ കുട്ടികൾ രചിക്കുന്നത് പുതിയ ചരിത്രമാണ്.

