ഐസക്കും സുധാകരനുമടക്കം അഞ്ചു മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം

തിരുവനന്തപുരം: ഐസക്കും സുധാകരനുമടക്കം അഞ്ചു മന്ത്രിമാർ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം. തോമസ് ഐസക്ക്, ജി. സുധകാരൻ, സി.രവീന്ദ്രനാഥ്, ഇ.പി.ജയരാജൻ, എ.കെ.ബാലൻ എന്നിവരാണ് തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുക.
മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലെ ബാക്കിയുള്ളവർ മത്സരിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുക്കുന്നുണ്ട്.
ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മട്ടന്നൂരിൽ നിന്നാകും ഇത്തവണ ജനവിധി തേടുക. ഇ.പി.ജയരാജൻ മത്സരിച്ച മണ്ഡലമാണിത്. കൂടുതൽ തവണ മത്സരിച്ചവരെ മാറ്റിനിർത്തണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന നിർദേശവും സെക്രട്ടറിയേറ്റിൽ ഉയർന്നിട്ടുണ്ട്.
എ.കെ. ബാലന് പകരം ഭാര്യയെ പരിഗണിക്കണമെന്ന നിർദേശം സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിന് മുന്നിൽ വന്നിരുന്നു. താഴെ തട്ടിൽ നിന്ന് വ്യാപക വിമർശനം ഉയർന്നതോടെ ബാലൻ തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തുകയുണ്ടായി.
എംഎൽഎമാരായ എ.പ്രദീപ് കുമാർ, രാജു എബ്രഹാം എന്നിവരും മത്സരിക്കില്ല.

