മൊട്ടേരയിൽ വീണ്ടും ഇംഗ്ലണ്ടിനെ പിടിച്ച് കെട്ടി പരമ്പര സ്വന്തമാക്കി ഇന്ത്യ; ഇന്നിങ്സ് ജയം, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ

അഹമ്മദാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 25 റണ്‍സിനും തോല്‍പിച്ചു. ജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തി. ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 135ന് പുറത്താക്കിയാണ് ഇന്ത്യവമ്പൻ ജയം സ്വന്തമാക്കിയത്. അക്സര്‍ പട്ടേലിനും അശ്വിനും അഞ്ചുവിക്കറ്റ് വീഴ്ത്തി. ഇന്ത്യ 365, ഇംഗ്ലണ്ട് 205, 135; പരമ്പര 3–1ന് ഇന്ത്യ സ്വന്തമാക്കി. ഓസ്ട്രേലിയയും ഇംഗ്ലണ്ടും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കാണാതെ പുറത്ത്.
ഇന്ത്യൻ സ്പിന്നർമാർ ഒരിക്കൽക്കൂടി വിശ്വരൂപം പൂണ്ടതോടെ, ഇംഗ്ലണ്ട് ഇന്നിങ്സിൽ രണ്ടക്കം കടന്നത് നാലു പേർ മാത്രം. ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം അർധസെഞ്ചുറി കണ്ടെത്തി 95 പന്തിൽ ആറു ഫോറുകൾ സഹിതം 50 റൺസെടുത്ത ഡാനിയൽ ലോറൻസാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ജോ റൂട്ട് (72 പന്തിൽ മൂന്നു ഫോറുകൾ സഹിതം 30), ഒലി പോപ്പ് (31 പന്തിൽ ഒരേയൊരു സിക്സ് സഹിതം 15), ബെൻ ഫോക്സ് (46 പന്തിൽ 13) എന്നിവരാണ് രണ്ടക്കം
കണ്ട മറ്റുള്ളവർ. ഏഴാം വിക്കറ്റിൽ ലോറൻസ് – ഫോക്സ് സഖ്യം കൂട്ടിച്ചേർത്ത 44 റൺസാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടാണ് അവരെ 100 കടത്തിയതും.
ഓപ്പണർമാരായ സാക് ക്രൗളി (16 പന്തിൽ അഞ്ച്), ഡൊമിനിക് സിബ്‌ലി (21 പന്തിൽ മൂന്ന്), ജോണി ബെയർസ്റ്റോ (0), ബെൻ സ്റ്റോക്സ് (ഒൻപത് പന്തിൽ രണ്ട്), ഡൊമിനിക് ബെസ് (രണ്ട്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. ജയിംസ് ആൻഡേഴ്സൻ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

