ജോർജ് മുത്തൂറ്റ് മരിച്ചത് നാലാം നിലയിൽ നിന്നു വീണ്

ന്യൂഡല്‍ഹി; മുത്തൂറ്റ് ചെയര്മാന് എം ജി ജോര്‍ജ് മരിച്ചത് വീടിന്റെ നാലാം നിലയില്‍ നിന്നു വീണിട്ടെന്ന് പൊലീസ്. ഡല്‍ഹിയിലെ വീടിന്റെ നാലാം നിലയില്‍ നിന്നാണ് അദ്ദേഹം വീണത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തി വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നുമാണ് ഡല്‍ഹി പൊലീസ് പറയുന്നത്.
അഞ്ചാം തിയതിയാണ് ജോര്‍ജ് കെട്ടിടത്തില്‍ നിന്ന് വീണ് മരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡല്‍ഹി പൊലീസ് പരിശോധന നടത്തിയിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തു. ഇന്നലെയാണ് മുത്തൂറ്റ് ചെയര്മാന് എം ജി ജോര്‍ജ് അന്തരിച്ചത്. 71 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.
ഇന്നലെ മൃതദേഹം ഡല്‍ഹിയില്‍ പൊതുദര്‍ശനം നടത്തിയിരുന്നു. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയമേഖലകളിലെ നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്ന് കേരളത്തില്‍ എത്തിക്കുന്ന മൃതദേഹം കൊച്ചിയില്‍ പൊതുദര്‍ശനത്തിനുവെക്കും. മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനായ എം ജി ജോര്‍ജ് ഓര്‍ത്തഡോക്സ് സഭാ ട്രസ്റ്റി, ഫിക്കി കേരള ഘടകം ചെയര്മാന് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

