KSDLIVENEWS

Real news for everyone

നേമത്ത് മത്സരിക്കുന്ന നേതാവ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ? നിലപാട് വ്യക്തമാക്കി ഹൈക്കമാൻഡ് , ഇന്ന് രാത്രി കോൺഗ്രസ് പട്ടിക പുറത്തുവരും

SHARE THIS ON

ന്യൂഡൽഹി: കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് രാത്രിയിൽ ചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥി പട്ടിക അംഗീകരിക്കും. ആറ് മണിയ്‌ക്കാണ് സോണിയാഗാന്ധിയുടെ വസതിയിൽ തിരഞ്ഞെടുപ്പ് സമിതി ചേരുക. രാത്രി എട്ട് മണി കഴിഞ്ഞായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. നേമത്തും വട്ടിയൂർക്കാവിലും മത്സരിക്കുന്ന കാര്യത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്ന് നിലപാട് വ്യക്തമാക്കും. ഹൈക്കമാൻഡ് സമ്മർദം ശക്തമാക്കിയ സാഹചര്യത്തിൽ ഇരു നേതാക്കളും മത്സര സന്നദ്ധത അറിയിച്ചിട്ടുണ്ട്.

നേമം, വട്ടിയൂർക്കാവ് രണ്ടിടങ്ങളിലും കോൺഗ്രസ് വിജയിക്കണം എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. നേമത്തും, വട്ടിയൂർക്കാവിലും കോൺഗ്രസ് നടത്തുന്ന പ്രചാരണം സംസ്ഥാനത്താകെ അനുകൂല അന്തരീക്ഷം മുന്നണിക്ക് ഉണ്ടാക്കും എന്നാണ് നിഗമനം. പുനരാലോചനയ്ക്ക് സമയം ആവശ്യപ്പെട്ട ചെന്നിത്തലയും ഉമ്മൻചാണ്ടിയും തിരഞ്ഞെടുപ്പ് സമിതിയ്‌ക്ക് മുമ്പായി നടക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റിയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കും.

നേമത്ത് നിന്ന് മത്സരിക്കുന്നയാൾ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നാണ് ഹൈക്കമാൻഡ് ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്ന ഫോർമുല. ഇന്ന് നടക്കുന്ന ചർച്ചയിൽ ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകൾ നടക്കും. ഉമ്മൻ ചാണ്ടി നേമം ഏറ്റെടുക്കരുതെന്നാണ് എ ഗ്രൂപ്പിൽ ഒരു വിഭാഗത്തിന്റെ നിലപാട്. അവസാനനിമിഷം കെ സി വേണുഗോപാൽ, കെ മുരളീധരൻ, ശശിതരൂർ അടക്കമുളള നേതാക്കളെ നേമത്തേയ്‌ക്ക് കോൺഗ്രസ് പരിഗണിക്കുന്നുണ്ട്.

യുവാക്കൾക്കും പുതുമുഖങ്ങൾക്കും പട്ടികയിൽ 50 ശതമാനം പ്രാതിനിദ്ധ്യം ഉണ്ടാകുമെന്നാണ്‌ നേതൃത്വം വ്യക്തമാക്കുന്നത്. കൽപ്പറ്റ, നിലമ്പൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ രാഹുൽ ഗാന്ധി തീരുമാനിക്കും. കെ സി ജോസഫിനും കെ ബാബുവിനും സീറ്റുണ്ടാകില്ല. തൃപ്പൂണിത്തുറയിൽ വേണു രാജാമണി സ്ഥാനാർത്ഥിയാകും. ജോസഫ് വാഴയ്‌ക്കൻ കാഞ്ഞിരപ്പളളിയിലും മാത്യു കുഴൽ നാടൻ മുവാറ്റുപുഴയിലും മത്സരിച്ചേക്കും.

ഇടുക്കി പീരുമേടിൽ കെ പി സി സി ജനറൽ സെക്രട്ടറി റോയ് കെ പൗലോസിന് സീറ്റ് നിഷേധിച്ചാൽ കൂട്ടമായി രാജിവയ്ക്കുമെന്ന് ഒരു വിഭാഗം പ്രവർത്തകർ മുന്നറിയിപ്പ് നൽകി. അഞ്ച് ബ്ലോക്ക് പ്രസിഡന്റുമാർ രാജിവയ്ക്കുമെന്നാണ് മുന്നറിയിപ്പ്. കെ എസ്‍ യു യൂത്ത് കോൺഗ്രസ് നേതാക്കളും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പീരുമേട് സീറ്റിൽ കോൺഗ്രസ് പരിഗണിക്കുന്നത് സിറിയക് തോമസിനെയാണ്. സിറിയകിന് ജയസാദ്ധ്യതയില്ലെന്നാണ് പ്രവർത്തകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!