KSDLIVENEWS

Real news for everyone

ഏഷ്യന്‍ വംശജര്‍ക്കെതിരായ വംശീയ ആക്രമണത്തെ അപലപിച്ച് ജോ ബൈഡന്‍

SHARE THIS ON

വാഷിങ്ടൺ: കൊറോണ വ്യാപനം ആരംഭിച്ചത് മുതൽ അമേരിക്കയിലെ ഏഷ്യൻ വംശജർക്കെതിരെ നടക്കുന്ന വംശീയ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇത് ക്രൂരമായ കുറ്റകൃത്യമാണെന്ന് വ്യക്തമാക്കിയ ബൈഡൻ ഇത്തരം നടപടികൾ അമേരിക്കൻ പാരമ്പര്യത്തിന് യോജിക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടി.

‘മിക്കപ്പോഴും നമ്മൾ ആർക്കെങ്കിലും എതിരെ തിരിയുന്നു. കൊറോണ വ്യാപനത്തിന് ശേഷം ഏഷ്യൻ വംശജർ ക്രൂരമായി അക്രമിക്കപ്പെടുന്നു. അവരിൽ പലരും ഈ മഹാമാരിയിൽ നിന്ന് മനുഷ്യരുടെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുകയാണ്. എന്നിട്ടും അമേരിക്കയുടെ തെരുവുകളിൽ ഭീതിയോടെയാണ് അവർ ജീവിക്കുന്നത്. ഇത് തെറ്റാണ്. ഇത് അവസാനിപ്പിക്കപ്പെടണം’- ബൈഡൻ പറഞ്ഞു.

മുൻ പ്രസിഡന്റ് ട്രംപ് ഉൾപ്പടെയുള്ളവരുടെ ചൈനീസ് വൈറസ് പോലുള്ള പരാമർശങ്ങളാണ് അമേരിക്കയിൽ ഏഷ്യൻ വിരുദ്ധ വികാരത്തിന് ശക്തി പകർന്നത്. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ പഠനം പ്രകാരം കഴിഞ്ഞ വർഷത്തിൽ നിന്നും ഇരട്ടിയായാണ് അമേരിക്കയിൽ ഏഷ്യൻ വംശജർക്കെതിരായ വംശീയ ആക്രമണങ്ങൾ വർധിച്ചത്. ന്യൂയോർക്ക്, ലോസ് ആഞ്ജിലിസ് തുടങ്ങിയ പ്രമുഖ അമേരിക്കൻ നഗരങ്ങളിലും ഇത്തരം സംഭവങ്ങൾ വ്യാപകമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!