ഉദുമയിലെ വീട്ടമ്മയെ പീഡിപ്പിച്ച സംഭവം: പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കി

കാസർകോട്: ഉദുമയിലെ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യം അഡീഷണൽ ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. പ്രതികൾക്ക് ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ഡിസംബറിൽ മുൻകൂർജാമ്യം നൽകിയിരുന്നു. ഇതിനെതിരേ ഇരയായ വീട്ടമ്മ ഹൈക്കോടതിയിൽ ഹർജി നൽകി. ജാമ്യാപേക്ഷ പുനഃപരിശോധിക്കാൻ ഹൈക്കോടതി ജില്ലാ അഡീഷണൽ സെഷൻസ് കോടതിക്ക് നിർദേശം നൽകി. ഇത് പ്രകാരം ഇരുഭാഗത്തിന്റെയും വാദം കേട്ടാണ് ജഡ്ജി ടി.കെ. നിർമല മുൻകൂർ ജാമ്യം റദ്ദാക്കിയത്.
ഉദുമ ബേവൂരി സ്വദേശി എം.എ. മുഹമ്മദ് അഷ്റഫ് (32), ഉദുമ പടിഞ്ഞാർ സ്വദേശി പി.എം. അബ്ദുൽ റഹ്മാൻ (33), ഉദുമ കൊവ്വൽ കെ.വി. മുനീർ (35), ഉദുമ പടിഞ്ഞാർ മുഹമ്മദ് ആസിഫ് (34) എന്നിവരുടെ മുൻകൂർ ജാമ്യമാണ് റദ്ദാക്കിയത്.
കേസ് ഡയറി പ്രകാരം പീഡനം നടക്കുമ്പോൾ പ്രതികൾ വിദേശത്തായിരുന്നു എന്നാണുള്ളത് കണക്കിലെടുത്തായിരുന്നു ജില്ല സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഇരയായ വീട്ടമ്മ ഹൊസ്ദുർഗ് മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി പരിശോധിച്ചാണ് കോടതി ജാമ്യം റദ്ദാക്കിയത്. ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത 18 കേസിൽ ആദ്യ നാല് കേസിലാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. വീട്ടമ്മയ്ക്കുവേണ്ടി സുധീർ മേലത്ത്, പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. രാഘവൻ എന്നിവർ ഹാജരായി.

