രണ്ടു ദിവസത്തെ ചികിത്സക്കു ശേഷം മമത ബാനര്‍ജി ആശുപത്രി വിട്ടു

കൊൽക്കത്ത: നന്ദിഗ്രാമിൽ വെച്ചുണ്ടായ അക്രമത്തിൽ കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രി വിട്ടു. മമത ആവർത്തിച്ച് ആവശ്യപ്പെട്ടതു പ്രകാരമാണ് അവരെ വിട്ടയച്ചതെന്നും ഏഴു ദിവത്തിനു ശേഷം വീണ്ടും പരിശോധന നടത്തണമെന്നും കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രി അധികൃതർ അറിയിച്ചു.
ബുധനാഴ്ചയാണ് നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ഉന്തിലും തള്ളിലും വീണ് മമതയ്ക്ക് പരിക്കേറ്റത്. നാലഞ്ചുപേർ ചേർന്ന് തന്നെ മനപൂർവം തള്ളിയിട്ടതാണെന്നാണ് മമത ആരോപിച്ചിരുന്നത്. മമതയുടെ ഇടത് കാലിന്റെ എല്ലിന് ഗുരുതരമായി പരിക്കേറ്റതായി അവരെ ചികിത്സിക്കുന്ന ഡോക്ടർമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ തോളിനും കൈത്തണ്ടയ്ക്കും കഴുത്തിനും പരിക്കേറ്റതായും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
മമതാ ബാനർജിക്ക് നേരെയുണ്ടായ ആക്രമണം യാദൃശ്ചികമല്ലെന്നും പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തൃണമൂൽ നേതാക്കളുടെ ആറംഗ സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
മമതയ്ക്കു നേരെയുണ്ടായ അക്രമത്തിൽ എല്ലാവരും ആശങ്ക രേഖപ്പെടുത്തിയിട്ടും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇതുവരെ പ്രതികരിച്ചില്ലെന്ന് തൃണമൂൽ നേതാവ് പാർഥ ചാറ്റർജി ചൂണ്ടിക്കാണിച്ചു. അക്രമം അഴിച്ചുവിടാൻ ബിജെപി അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ നന്ദിഗ്രാമിൽ എത്തിച്ചതായും അദ്ദേഹം ആരോപിച്ചു.

