കാസര്‍കോട് മണ്ഡലത്തില്‍ ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി: ഔദ്യോഗികമായി പ്രഖ്യാപിച്ചു

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. കാസര്‍കോട്ട് വാര്‍ത്താ സമ്മേളനത്തിലാണ് ഐ എന്‍ എല്‍ നേതൃത്വം എം.എ ലത്തീഫിനെ സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കാസര്‍കോഡ് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന് അറിഞ്ഞ ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാം എന്ന നിലപാടായിരുന്നു ഐഎന്‍എല്‍ സ്വീകരിച്ചിരുന്നത്. എന്‍എ നെല്ലിക്കുന്നിനെ കാസര്‍കോട്ട് ലീഗ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാസര്‍കോട്ടെ ഐഎന്‍എല്‍ സ്ഥാനാര്‍ഥിയുടെ പേര് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് ശനിയാഴ്ച്ച ഐ എന്‍ എല്‍ മണ്ഡലം കമ്മറ്റിക്ക് മുന്‍പായി വാര്‍ത്താ സമ്മേളനം നടത്തി എം എ ലത്തീഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുകയായിരുന്നു. ബേക്കല്‍ പള്ളിക്കര സ്വദേശിയാണ് എം എ ലത്തീഫ്. ഐ എന്‍ എല്ലിന്റെ പ്രമുഖ നേതാവായ ലത്തീഫ്, ഐഎന്‍എല്‍ ജില്ലാ സെക്രടറി, ഉദുമ മണ്ഡലം ജനറല്‍ സെക്രടറി, ഐഎംസിസി ശാര്‍ജ, യുഎഇ കമിറ്റി ജനറല്‍ സെക്രടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.
ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, സംസ്ഥാന ട്രഷറര്‍ ബി ഹംസ ഹാജി, നേതാക്കളായ അസീസ് കടപ്പുറം, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.കഴിഞ്ഞ തവണ മത്സരിച്ച മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സൗത്ത്, കാസര്‍കോട് മണ്ഡലങ്ങളാണ് ഐഎന്‍എല്ലിന് ഇത്തവണയും നല്‍കിയത്. ഇതില്‍ വള്ളിക്കുന്നില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എ പി അബ്ദുല്‍ വഹാബും കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍ കോവിലും മത്സരിക്കും. ഈ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

