KSDLIVENEWS

Real news for everyone

ഭീകരരുടെ ബന്ദിയാവാന്‍ മമത തയ്യാറെടുത്തു; കാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ പുതിയ വെളിപ്പെടുത്തല്‍

SHARE THIS ON

കൊൽക്കത്ത: 1999-ലെ കാണ്ഡഹാറിൽ ബന്ദികളാക്കപ്പെട്ട വിമാന യാത്രക്കാരുടെ മോചനത്തിന് പകരമായി തീവ്രവാദികളുടെ ബന്ദിയാവാൻ അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന മമത ബാനർജി തയ്യാറായിരുന്നതായി മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ. മമതയോടൊപ്പം മന്ത്രിസഭയിൽ പ്രവർത്തിച്ച നാളുകൾ ഓർത്തെടുത്ത സിൻഹ തുടക്കം മുതലേ അവർ ഒരു പോരാളിയായിരുന്നെന്നും ഓർമിച്ചു. 2018ൽ ബി.ജെ.പി വിട്ട യശ്വന്ത് സിൻഹ ഇന്ന് തൃണമൂലിൽ ചേർന്നിരുന്നു.

1999-ൽ തീവ്രവാദികൾ ഇന്ത്യൻ വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയപ്പോൾ മന്ത്രിസഭയിൽ യാത്രക്കാരുടെ മോചനം സംബന്ധിച്ച് ചർച്ചകൾ നടന്നു. യാത്രക്കാരെ മോചിപ്പിക്കുകയാണെങ്കിൽ പകരമായി താൻ തീവ്രവാദികളുടെ ബന്ദിയാകാൻ തയ്യാറാണെന്ന് മന്ത്രിസഭയിൽ മമത പ്രഖ്യാപിച്ചു. ആ ത്യാഗം ഏറ്റെടുക്കാൻ മമത അന്ന് തയ്യാറായിരുന്നുന്നെന്നും സിൻഹ ഓർത്തു. തൃണമൂലിൽ ചേരുന്നതിന് മുൻപായി സിൻഹ കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനത്തെത്തി മമതയുൾപ്പടെയുള്ള മുതിർന്ന നേതാക്കളെ കണ്ടിരുന്നു.

വാജ്പയ് ഭരണകാലത്ത് ഞങ്ങൾ ഒന്നിച്ച് കേന്ദ്ര മന്ത്രിസഭയിൽ പ്രവർത്തിച്ചിരുന്നു. എനിക്കുറപ്പിച്ച് പറയാനാകും അന്നുമുതലേ അവരൊരു പോരാളിയായിരുന്നു. ഇന്നും അതിന് യാതൊരു മാറ്റവും വന്നിട്ടില്ല- സിൻഹ പറഞ്ഞു.

കാണ്ഡഹാർ വിമാന റാഞ്ചൽ നടക്കുമ്പോൾ കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നു മമത ബാനർജി. 1999-ൽ 180 യാത്രികരുമായി നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനമാണ് തീവ്രവാദികൾ റാഞ്ചിയത്. പാകിസ്താനിലെ തീവ്രവാദി സംഘടനയായ ഹർക്കത്തുൾ മുജാഹിദ്ദീനായിരുന്നു ഇതിനു പിന്നിൽ.

വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിനു ശേഷമായിരുന്നു റാഞ്ചൽ. റാഞ്ചിയ വിമാനം ലാഹോർ, അമൃത്സർ, ദുബായ് എന്നിവിടങ്ങളിൽ ഇറക്കിയ ശേഷം കണ്ഡഹാർ വിമാനത്താവളത്തിൽ ഇറക്കി. ഇന്ത്യൻ ജയിലിൽ കഴിയുന്ന മൂന്ന് തീവ്രവാദികളെ വിട്ടയച്ച ശേഷമാണ് ഏഴു ദിവസത്തെ റാഞ്ചൽ നാടകം അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!