ഖുഷ്ബുവിന്റെ സ്ഥാനാര്‍ത്ഥിത്വം: തമിഴ്നാട് ബിജെപിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.

ചെന്നൈ : ഖുഷ്ബുവിന്റെ സ്ഥാനാർത്ഥിത്വം തമിഴ്നാട് ബിജെപിയിൽ തുടർച്ചയായി പ്രതിസന്ധി സൃഷ്ടിക്കുന്നു. ഖുഷ്ബു സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണത്തിന് പിന്നാലെ തിരുനെൽവേലി മണ്ഡലത്തിൽ മറ്റൊരു ബിജെപി നേതാവ് നാമനിർദേശ പത്രിക സമർപ്പിച്ചു. പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും മുൻപാണ് ബി.ജെ.പി നേതാവ് നൈനാർ നാഗേന്ദ്രൻ പത്രിക സമർപ്പിച്ചത്.
ചെന്നൈയിലെ ചെപ്പോക്ക് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു ഖുഷ്ബുവിന്റെ പ്രതീക്ഷ. ഒരു മാസം മുൻപ് പ്രചാരണവും തുടങ്ങി. എന്നാൽ ചെപ്പോക്ക് മണ്ഡലം അണ്ണാ ഡിഎംകെ പട്ടാളി മക്കൾ കക്ഷിക്ക് നൽകിയതോടെ ഖുഷ്ബു പ്രതിസന്ധിയിലായി. ബിജെപിയ്ക്ക് മത്സരിക്കാൻ ലഭിച്ച തിരുനെൽവേലി മണ്ഡലത്തിലെ സാധ്യതയും ഖുഷ്ബുവിന് മുന്നിൽ അസ്തമിക്കുകയാണ്.
ഖുഷ്ബു തിരുനെൽവേലിയിൽ മത്സരിക്കും എന്ന വാർത്ത പരന്നതിന് പിന്നാലെ ബിജെപി ജില്ലാ നേതാവ് നൈനാർ നാഗേന്ദ്രൻ സ്ഥാനാർത്ഥിയായി നാമനിർദ്ദേശപ്പട്ടിക സമർപ്പിച്ചു. മകനും തന്റെ കടയിലെ ജീവനക്കാരനുമൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. നല്ല സമയമായതിനാലാണ് പാർട്ടി പ്രഖ്യാപിക്കുന്നതിന് മുൻപ് പത്രിക സമർപ്പിച്ചതെന്ന് നാഗേന്ദ്രൻ പറഞ്ഞു.
ഇതോടെ ഇനി ഖുഷ്ബുവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാലും പ്രാദേശികമായ വലിയ എതിർപ്പ് നേരിടേണ്ടി വരും എന്ന സാഹചര്യമാണ് ബിജെപിയ്ക്ക് മുന്നിലുള്ളത്. സഖ്യത്തിൽ ബിജെപി മത്സരിക്കുന്ന 20 സീറ്റിലും സ്ഥാനാർത്ഥി മോഹികളുടെ വലിയ നിരയുള്ളതിനാൽ ഖുഷ്ബുവിന് മത്സരിക്കാനുള്ള സാധ്യത കുറയുകയുമാണ്.

