എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ; ദുബായ് കത്ത് ഓർമയില്ലേ?

അമ്പിളിക്കറിയില്ലായിരുന്നു വിരഹിണികളായ എത്രയോ മണവാട്ടിമാരുടെ ഹൃദയഗീതമാണ് താൻ പാടി റെക്കോർഡ് ചെയ്യാൻ പോകുന്നതെന്ന്. അതറിഞ്ഞത് കാലമേറെ കഴിഞ്ഞാണ് -“ദുബായ് കത്തി”ന്റെ വരികൾ ജീവിതത്തിലാദ്യമായി കേരളത്തിലെ ഒരു ഗാനമേളാവേദിയിൽ ലൈവ് ആയി പാടിയ ദിവസം.null“എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ സ്വന്തം ഭാര്യ എഴുതുന്നതെന്തെന്നാൽ” എന്ന വരി പാടിത്തുടങ്ങിയതും സ്വിച്ചിട്ടപോലെ നിശ്ചലവും നിശബ്ദവുമാകുന്നു സദസ്സ്. എങ്ങും അസ്വസ്ഥമായ മൗനം മാത്രം. മുന്നിൽ നിരന്നിരിക്കുന്ന സ്ത്രീകളിൽ ചിലർ തലകുനിക്കുന്നു, മറ്റു ചിലർ കണ്ണീരൊപ്പുന്നു. ഏഴു മിനിറ്റോളം നീണ്ട പാട്ട് പാടിത്തീർന്നപ്പോൾ, സദസ്സിൽ നിന്നുയർന്ന നിലയ്ക്കാത്ത കയ്യടി ഇന്നുമുണ്ട് അമ്പിളിയുടെ കാതുകളിൽ; നാല് പതിറ്റാണ്ടിനിപ്പുറവും.
“ഒരു പാട്ടിന് മനുഷ്യമനസ്സിനെ എത്രത്തോളം ആഴത്തിൽ സ്പർശിക്കാനും സ്വാധീനിക്കാനും കഴിയുമെന്ന് തിരിച്ചറിഞ്ഞ അപൂർവ നിമിഷങ്ങളായിരുന്നു അവ”- അമ്പിളിയുടെ വാക്കുകൾ. ചെന്നൈ എച്ച് എം വി സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ 43 വർഷം മുൻപ് ആ പാട്ട് പാടാൻ നിൽക്കുമ്പോൾ അതിത്രത്തോളം ജനപ്രിയമാകുമെന്നോ സാധാരണക്കാരുടെ ഹൃദയങ്ങൾ കീഴടക്കുമെന്നോ സങ്കല്പിച്ചിട്ടില്ല അമ്പിളി. പതിവുപോലെ ഗ്രാമഫോൺ കമ്പനിക്ക് വേണ്ടി മറ്റൊരു മാപ്പിളപ്പാട്ട് കൂടി — അത്ര മാത്രം. പക്ഷേ താൻ പാടി റെക്കോർഡ് ചെയ്തത് വെറുമൊരു മാപ്പിളപ്പാട്ടല്ല എന്നറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു അന്ന് 20 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഗായിക.
“ആ പാട്ടിന്റെ കൈപിടിച്ച് ഏകാന്തദുഃഖങ്ങളും വിഷാദരോഗവും വരെ മറികടക്കാൻ ശ്രമിച്ച കഥകൾ പലരും വിവരിച്ചു കേൾക്കുമ്പോൾ വിസ്മയം തോന്നാറുണ്ടിപ്പോഴും.” -അമ്പിളിയുടെ വാക്കുകൾ. എസ് എ ജമീൽ എഴുതി ചിട്ടപ്പെടുത്തിയ ആ ഗാനത്തിന് വാദ്യവിന്യാസം നിർവഹിച്ചത് പ്രഗത്ഭ വയലിനിസ്റ്റും വിഖ്യാതമായ വിശ്വനാഥൻ — രാമമൂർത്തി സഖ്യത്തിന്റെ ഭാഗവുമായിരുന്ന സാക്ഷാൽ ടി കെ രാമമൂർത്തി. യുട്യൂബിൽ ദുബായ് കത്തിന്റെ വീഡിയോക്ക് താഴെ ചിതറിക്കിടക്കുന്ന അസംഖ്യം കമന്റുകളിൽ ചിലതെങ്കിലും മനസ്സിൽ തട്ടും.
“എന്റെ ഉപ്പ ഗൾഫിലായിരുന്ന കാലത്ത് ഉമ്മ ദിവസവും രാപ്പകലെന്നില്ലാതെ ആവർത്തിച്ചു കേട്ട് കരഞ്ഞിരുന്ന പാട്ടാണിത്. ഇപ്പോൾ വിദേശത്തുള്ള എന്റെ ഇക്കായെ ഓർത്ത് ഞാനും ഇതേ പാട്ട് തന്നെ പാടുന്നു.”-ഒരു പെൺകുട്ടിയുടെ ആത്മഗതം. അമ്മൂമ്മയും അമ്മയും ദുബായ് കത്ത് കേട്ടാൽ ഇന്നും തലകുനിച്ചിരുന്നു കരയുമെന്നെഴുതുന്നു മറ്റൊരാൾ. അങ്ങനെ എത്രയെത്ര അനുഭവകഥനങ്ങൾ. ഏറനാടൻ യുവാക്കൾ നാടും വീടും വിട്ട് ജീവനോപാധി തേടി കടൽ കടന്നു ഗൾഫിൽ ചേക്കേറിയ കാലത്തിന്റെ വിരഹവിധുരമായ ഓർമ്മകളാണ് ഈ പാട്ടിന്റെ വരികളിൽ തുളുമ്പി നിൽക്കുന്നത്. ജീവിക്കാൻ വേണ്ടി പ്രവാസികളാകേണ്ടി വന്ന ഭർത്താക്കന്മാരെ ഓർത്ത് നാട്ടിൽ നെടുവീർപ്പിട്ട് കഴിഞ്ഞിരുന്ന ഭാര്യമാർ, പ്രത്യേകിച്ച് നവവധുക്കൾ, ദുബായ് കത്തിന്റെ വരികളിൽ വായിച്ചറിഞ്ഞത് സ്വന്തം ഹൃദയവികാരങ്ങൾ തന്നെ. മൊബൈലും ഇന്റർനെറ്റും വാട്സ്ആപ്പും വീഡിയോ കോളും ഒന്നുമില്ലാതിരുന്ന, ടെലിഫോൺ പോലും ആർഭാടമായിരുന്ന കാലത്ത് ഉള്ളിലെ രഹസ്യാഭിലാഷങ്ങൾ പോലും ഇത്ര കൃത്യമായി, ആത്മാർത്ഥതയോടെ പാട്ടിലേക്ക് പകർത്താൻ ഒരു എഴുത്തുകാരന് എങ്ങനെ കഴിഞ്ഞു എന്നോർത്ത് അത്ഭുതപ്പെട്ടിരിക്കണം അന്നത്തെ തലമുറ.

