സ്ഥാനാര്ഥിക്ക് പരമാവധി 38.8 ലക്ഷം രൂപ ചിലവഴിക്കാം; കണക്കുകളെല്ലാം കണക്കായിരിക്കണം

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ മണ്ഡലത്തിൽ ചെലവാക്കുന്ന പണത്തിന്റെ കൃത്യമായ കണക്കുകൾ നിരീക്ഷിക്കാൻ തിരഞ്ഞടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ ഒരുങ്ങി. സ്ഥാനാർഥികളുടെ ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് ഉപയോഗിക്കുന്ന സാധനസേവനങ്ങളുടെ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തണം. ഇതിനായി 94 ഇനങ്ങളുടെ നിരക്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവുമുള്ള തുണി മാസ്കാണ് പട്ടികയിൽ പുതുതായി ഇടംപിടിച്ചത്. മാസ്ക് ഒന്നിന് 10 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവുമുള്ള ടീ ഷർട്ടിന് 100 രൂപ വീതം കണക്കാക്കും. തൊപ്പിക്ക് ഒന്നിന് 20 രൂപയാണ്. എല്ലാ ചെലവുകളുമുൾപ്പെടെ ഒരു സ്ഥാനാർഥിക്ക് മണ്ഡലത്തിൽ ചെലവഴിക്കാവുന്ന പരാമവധി തുക 38.8 ലക്ഷം രൂപ മാത്രമാണ്.
വേദി തണുപ്പിക്കാൻ
പ്രചാരണ പരിപാടികൾ നടക്കുന്ന വേദികൾ തണുപ്പിക്കണമെങ്കിൽ ചെറിയ കൂളറിന് 400 രൂപയും വലുതിന് 500 രൂപയും ചെലവ് കണക്കാക്കും. തോരണങ്ങൾ തൂക്കി ചന്തം കൂട്ടിയാൽ ഒരടി നീളത്തിന് നാലുരൂപ വെച്ച് കണക്കാക്കും. തുണിയിലുള്ള ബോർഡിന് ഒരടിക്ക് 30 രൂപയും മരത്തിന്റെ ചട്ടമുള്ളതിന് ഒരടിക്ക് 40 രൂപയും കണക്കാക്കും. മരം കൊണ്ടുള്ള കട്ടൗട്ടിന് ഒരടിക്ക് 110 രൂപയും തുണിയിലുള്ള കട്ടൗട്ടിന് 55 രൂപയും തുണിയിലുള്ള പതാകകൾക്ക് ഒരടിക്ക് 22 രൂപയുമാണ് നിരക്ക്. തുണിയിലുള്ള ബാനറിന് ഒരടിക്ക് 30 രൂപ. ചെറിയ ഗേറ്റുകൾക്ക് 3000 രൂപ. 20 പേർക്ക് ഇരിക്കാവുന്ന വേദിക്ക് 4000 രൂപയാണ് കണക്കാക്കുക. വിറതാങ്ങുന്ന പ്രസംഗപീഠത്തിന് ദിവസം 200 രൂപ നൽകണം. നേതാക്കൾക്ക് സോഫാസെറ്റാണ് വേദിയിലിടുന്നതെങ്കിൽ ഒന്നിന് 550 രൂപയാണ കണക്ക്.
പാട്ടും മേളവും
പാട്ടുപാടി പൊലിമ കൂട്ടണമെങ്കിൽ ഓഡിയോ ഗാനങ്ങൾക്ക് ഒരാൾ പാടുന്നതിന് 5000-വും രണ്ടാൾ പാടുന്നതിന് 10,000 രൂപയും ചെലവ് കണക്കാക്കും. ചെണ്ടമേളത്തോടെ പ്രചാരണം കൊഴുപ്പിക്കുന്നുവെങ്കിൽ ബാൻഡ് മേളത്തിൽ പങ്കെടുക്കുന്ന ഒരാൾക്ക് 500 രൂപയും ചെണ്ടമേളത്തിന് ഒരാൾക്ക് 500 രൂപ വീതവും കണക്കാക്കും. കലാകാരന്മാരെ പ്രചാരണത്തിന് കൂടെ കൂട്ടിയാൽ ദിവസം 600 രൂപ കണക്കാക്കും. ആകാശ ക്യാമറയുപയോഗിച്ച് പ്രചാരണം കൊഴുപ്പിക്കാൻ മണിക്കൂറിന് 500 രൂപ കണക്കാക്കും.
വിളക്ക് തെളിക്കാൻ
ട്യൂബ് ലൈറ്റ് 20, ഹാലജൻ ലൈറ്റ് 200, എൽ.ഇ.ഡി. ടി.വി. 500, വീഡിയോ വാൾ ചെറുത് (8X6) ദിവസത്തിന് 4000 രൂപയും വലുതിന് 5000 രൂപയും ചെലവ് കണക്കാക്കും. ജനറേറ്റർ 15 കെ.വി.ക്ക് 2000 രൂപ ദിവസത്തിന്. ഓഡിറ്റോറിയത്തിന് നഗരപ്രദേശങ്ങളിൽ 500 ആളുകളെ ഉൾക്കൊള്ളുന്നതിന് 6000 രൂപയും പഞ്ചായത്തുകളിൽ 3000 രൂപയുമാണ് നിരക്ക്.
പരവതാനി വിരിച്ചാൽ
നേതാക്കളെയോ സ്ഥാനാർഥികളെയോ പരവതാനി വിരിച്ച് ആനയിക്കണമെങ്കിൽ ചതുരശ്ര അടിക്ക് രണ്ടുരൂപ വീതം ചെലവ് കണക്കാക്കും. ചെറിയ ഡെസേർട്ട് കൂളറിന് 400 രൂപയാണ്. വലുതിന് 500 രൂപയും. മുത്തുക്കുടയ്ക്ക് ഒന്നിന് 50 രൂപയും നെറ്റിപ്പട്ടത്തിന് 2000 രൂപയും വേണ്ടി വരും.
താത്കാലിക തിരഞ്ഞെടുപ്പ് കമ്മിറ്റി ബൂത്തുകൾക്ക് 300 രൂപയും പെഡസ്റ്റൽ ഫാൻ ദിവസത്തിന് 100 രൂപ, എ.സി. റൂമുകൾക്ക് ദിവസത്തിന് 1000 രൂപയും നോൺ എ.സി. മുറികൾക്ക് 600 രൂപയുമാണ് നിരക്ക്. ഹോർഡിങ്സ് ഒരടിക്ക് 110 രൂപയും ഏഴു പേർക്ക് ഇരിക്കാവുന്ന സ്റ്റേജിന് 1200 രൂപയും 15 പേർക്ക് ഇരിക്കാവുന്ന സ്റ്റേജിന് 2500 രൂപയും വലിയ സ്റ്റേജിന് 7500 രൂപയും വാഹനമാണ് സ്റ്റേജായി ഉപയോഗിക്കുന്നതെങ്കിൽ 5000 രൂപയുമാണ് നിരക്ക്.
നോട്ടീസും പോസ്റ്ററും
ചുമരെഴുത്തിന് ചതുരശ്ര അടിക്ക് 10 രൂപയാണ് കണക്കാക്കുക. നോട്ടീസുകളുടെയും പോസ്റ്ററുകളുടെയും അച്ചടിനിരക്ക് നിശ്ചയിച്ചിട്ടുണ്ട്. പോസ്റ്റർകളർ സിംഗിൾ ഡമ്മി വലിപ്പത്തിലുള്ള ആദ്യത്തെ 10,000 കോപ്പിക്ക് 1800 രൂപയും അധികം വരുന്ന ഓരോ 1000 കോപ്പികൾക്കും 600 രൂപയും കണക്കാക്കും. പോസ്റ്റർ കളർ ഹാഫ് ഡമ്മി വലിപ്പത്തിലുള്ള ആദ്യത്തെ 10000 കോപ്പിക്ക് 1200 രൂപയും അധികം വരുന്ന ഓരോ 1000 കോപ്പികൾക്കും 400 രൂപയും കണക്കാക്കും.
ടൂറിസ്റ്റ് ബസിന് ഒരുദിവസം 8000 രൂപയും കാർ, ജീപ്പ് എന്നിവയ്ക്ക് 1800 രൂപയും ടെമ്പോ, ട്രക്ക് എന്നിവയ്ക്ക് 2500 രൂപയുമാണ് നിരക്ക്. വെബ്സൈറ്റ് ഹോസ്റ്റിങ് ചാർജ് 1000 രൂപയും ഡിസൈൻ ചാർജ് പേജിന് 500 രൂപയുമാണ്. പ്രചാരണ ഓഫീസുകൾക്ക് സ്വന്തം ബിൽഡിങ്ങിനും വാടകയ്ക്കെടുത്ത ബിൽഡിങ്ങിനും ചതുരശ്ര മീറ്ററിന് 20 രൂപയും താത്കാലികമായി നിർമിക്കുന്ന ഓഫീസുകൾക്ക് ചതുരശ്ര മീറ്റർ 25 രൂപയും കണക്കാക്കും. ഷാമിയാന പന്തൽ 10 ദിവസത്തേക്ക് ചതുരശ്ര മീറ്ററിന് 20 രൂപയും സീലിങ് ഫാൻ വാടകയ്ക്ക് എടുക്കുമ്പോൾ 100 രൂപയും ചെലവ് കണക്കാക്കും. റൂട്ടിലോടുന്ന ബസുകൾക്ക് ദിവസം 6000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
ഭക്ഷണക്കണക്ക്
ഭക്ഷണം വാങ്ങിക്കൊടുത്ത് പ്രചാരണത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും ആളെ കൂട്ടിയാലും കണക്കിൽപ്പെടുത്തും. ഒരു ചായക്ക് എട്ടുരൂപയും പ്രഭാതഭക്ഷണത്തിന് ഒരാൾക്ക് 50 രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 40 രൂപ വീതവും പച്ചക്കറി ബിരിയാണിക്ക് 60 രൂപയും മാംസബിരിയാണിക്ക് 90 രൂപയും കണക്കാക്കും. ചെറുകടിക്ക് എട്ടുരൂപയും 200 മില്ലി ലിറ്റർ ശീതളപാനീയത്തിന് 20 രൂപയും കണക്കാക്കും. മിൽക്ക് ഷെയ്കിന് 40-ഉം ബട്ടർ മിൽക്കിന് 30 രൂപയും ചെലവ് കണക്കാക്കും.
പ്ലാസ്റ്റിക്കും ഫ്ലക്സും പാടില്ല
അനധികൃത ബോർഡുകൾ നീക്കുന്നതിന് ബന്ധപ്പെട്ട സ്ഥാനാർഥിയിൽനിന്ന് ഒന്നിന് 10 രൂപ വീതം ഈടാക്കും. അത്തരത്തിലുള്ള തോരണം നീക്കുന്നതിന് 100 മീറ്ററിന് 100 രൂപയും വേണം. പോസ്റ്റർ ഒന്നിന് നാലുരൂപ. ചുമരെഴുത്ത് മായ്ക്കുന്നതിന് ചതുരശ്ര അടിക്ക് അഞ്ചുരൂപ.
ചെലവുവിവരങ്ങൾ സമർപ്പിക്കണം
കാസർകോട്: മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ ചെലവുവിവരങ്ങൾ വെള്ളിയാഴ്ച നിരീക്ഷകന് സമർപ്പിക്കണം. മഞ്ചേശ്വരം എക്സ്പെൻഡീച്ചർ ഒബ്സർവർ സാൻജോയ് പോൾ രാവിലെ 10 മുതൽ സ്ഥാനാർഥികളുടെ ആദ്യഘട്ട ചെലവുവിവരങ്ങൾ പരിശോധിക്കുന്നതിന് മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസിലും ഉച്ചയ്ക്ക് 12 മുതൽ കാസർകോട് ജില്ലാ പ്ലാനിങ് ഓഫീസിലും സിറ്റിങ് നടത്തും. കാഞ്ഞങ്ങാട് മണ്ഡലത്തിലെ ആദ്യഘട്ട ചെലവുവിവരങ്ങൾ പരിശോധിക്കുന്നതിന് ചെലവ് നിരീക്ഷകൻ എം. സതീഷ് കുമാർ വെള്ളിയാഴ്ച 10 മണിമുതൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സിറ്റിങ് നടത്തി പരിശോധിക്കും. മണ്ഡലങ്ങളിലെ സ്ഥാനാർഥികളോ അവരുടെ പ്രതിനിധികളോ തിരഞ്ഞെടുപ്പ് ചെലവുവിവരങ്ങൾ നിരീക്ഷകന് സമർപ്പിക്കണം.

