ഗൃഹനാഥന്റെ കൊലയ്ക്കു പിന്നിൽ ഭാര്യയും മക്കളും അവരുടെ കാമുകന്മാരും; കാരണം പ്രണയം എതിർത്തത്

ചിറ്റാരിക്കാൽ ∙ കടുമേനി സർക്കാരി പട്ടികവർഗ കോളനിയിലെ പാപ്പിനിവീട്ടിൽ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മക്കളും അവരുടെ കാമുകൻമാരുമുൾപ്പെടെ 6 പേരെ ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. രാമകൃഷ്ണന്റെ ഭാര്യ പി.കെ.തമ്പായി (40), മകൾ പി.ആർ.രാധിക (19), അയൽവാസികളായ പാപ്പിനിവീട്ടിൽ നാരായണന്റെ മകൻ പി.എസ്.സനിൽ (19), പാപ്പിനിവീട്ടിൽ മനോജിന്റെ മകൻ പി.എം.മഹേഷ് (19), ഇവരുടെ പ്രായപൂർത്തിയാകാത്ത ഒരു സുഹൃത്ത്, രാമകൃഷ്ണന്റെ പ്രായപൂർത്തിയാകാത്ത മറ്റൊരു മകൾ എന്നിവരെയാണ് ഇന്നലെ ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ പി.രാജേഷ്, എസ്ഐ കെ.പി.രമേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.
കാരണം പ്രണയം എതിർത്തത്
കഴിഞ്ഞ 23 നു രാവിലെയാണ് കടുമേനി സർക്കാരി കോളനിയിലെ വീടിനു സമീപത്തെ വനത്തിനുള്ളിൽ രാമകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ പാടുകൾ കണ്ടതോടെ മരണത്തിൽ ദുരൂഹതയേറി. തുടർന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പും നടത്തിയിരുന്നു.
22 നു രാത്രി വീടിന്റെ ഉമ്മറത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന രാമകൃഷ്ണനെ ഭാര്യയും അയൽവാസികളായ 3 യുവാക്കളും ചേർന്നു വീടിന്റെ കഴുക്കോലിൽ സാരിയുപയോഗിച്ചു കെട്ടിത്തൂക്കുകയും, മരണമുറപ്പാക്കിയശേഷം പാതിരാത്രിയോടെ ഇവർ മൃതദേഹം സമീപത്തെ വനത്തിൽ കൊണ്ടുവന്നു തള്ളുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. രാമകൃഷ്ണന്റെ പെൺമക്കളുമായി പ്രതികളായ രണ്ടു യുവാക്കൾ പ്രണയത്തിലായിരുന്നു. ഇതിനു ഭാര്യ തമ്പായിയുടെ പിന്തുണയുമുണ്ടായിരുന്നു. എന്നാൽ ഈ ബന്ധത്തെ രാമകൃഷ്ണൻ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്കു നയിച്ചത്.
കൊല്ലപ്പെട്ട രാമകൃഷ്ണൻ
മൊഴിയിൽ തെളിഞ്ഞത് പോക്സോ കുറ്റവും
കൊലപാതകവുമായി ബന്ധപ്പെട്ട് രാമകൃഷ്ണന്റെ മക്കളിൽനിന്നും മൊഴിയെടുക്കുന്നതിനിടെയാണ് ഇവരുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയാണെന്ന വിവരവും പൊലീസ് കണ്ടെത്തിയത്. ഇതെത്തുടർന്ന് കൊലപാതക കേസിലെ പ്രതിയായ പി.എസ്.സുനിലിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി. പ്രതികളെ ഇന്നലെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. പൊലീസ് ഇൻസ്പെക്ടർ പി.രാജേഷിനു പുറമെ എസ്ഐമാരായ കെ.പി.രമേശൻ, കെ.വി.സത്യൻ, യു.കുമാരൻ എന്നിവരും തെളിവെടുപ്പിനു നേതൃത്വം നൽകി.

