ശരത് ലാൽ – കൃപേഷ് സ്മൃതിമണ്ഡപത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പുഷ്പാർച്ചന ; ഇത്തവണ ഞെട്ടിയത് കോൺഗ്രസ്

കാസര്‍കോട് : പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ സന്ദര്‍ശനം നടത്തി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി വിവാദനായകനായതിന് പിറകെ പെരിയ കല്യോട്ടെ ശരത് ലാല്‍-കൃപേഷ് സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് ഉദുമ നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.വേലായുധന്. ഇരുവരുടേയും വീടുകളിലെത്തിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി സ്മൃതിമണ്ഡപം സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥി പുഷ്പാര്‍ച്ചന നടത്തിയത്.
ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വേലായുധന് കല്ല്യോട്ട് മേഖലയിലെത്തിയത്. കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യന്, കൃപേഷിന്റെ പിതാവ് കൃഷ്ണന് എന്നിവരെ വീടുകളില്‍ എത്തി കണ്ടതിന് ശേഷം അവരോടൊപ്പം തന്നെയാണ് സ്മൃതിമണ്ഡപത്തില്‍ എത്തിയത്.
സ്ഥാനാര്‍ത്ഥിയോടൊപ്പം ബി.ജെ.പി പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. ഇതിന് ശേഷം സംഘം വോട്ടുതേടി കല്യോട്ട് പ്രദേശത്ത് ഇറങ്ങി.
ഉദുമ നിയോജകമണ്ഡലം പിടിക്കാന്‍ പെരിയ ഇരട്ടക്കൊല മുഖ്യപ്രചാരണയുധമാക്കുകയാണ് യു.ഡി.എഫ്. ഇതിനിടയിലാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സ്മൃതികുടീരം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തിയത്. ജനാര്ദ്ദനന് കുറ്റിക്കോല്‍, വൈ.കൃഷ്ണദാസ്, ബി.രവീന്ദ്രന്, ഇടപ്പണി ബാലകൃഷ്ണന്, മുരളി, രതീഷ് പൊള്ളക്കട, വേണു കല്യോട്ട്, പ്രദീപ് കൂട്ടക്കനി, സിന്ധു മോഹന്‍, സുരേഷ് തുടങ്ങിയവരും സ്ഥാനാര്‍ത്ഥി എ.വേലായുധനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാതെ കോണ്‍ഗ്രസ്
എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ നടപടിയില്‍ പ്രതികരിക്കാന്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ആരും തയ്യാറിയില്ല.വോട്ട് പിടിക്കാന്‍ പല തന്ത്രങ്ങളും ബി.ജെ.പി പയറ്റും. അതിലൊന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീഴില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂടുതല്‍ വിവാദത്തിനില്ലെന്നാണ് ജില്ലയിലെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

