സിസിടിവി കണ്ടാൽ കുട ചൂടും ; മാസ്കം ഗ്ലൗസും ധരിച്ച് മോഷ്ടിക്കാനെത്തും ; പോലീസിനെ വട്ടംചുറ്റിച്ച കള്ളൻ ഒടുവിൽ കുടുങ്ങി

കല്‍പ്പറ്റ: കുട ചൂടി മോഷണം നടത്തുന്ന വിരുതന്‍ ഒടുവില്‍ പൊലീസ് പിടിയില്‍. വയനാട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളിലായി നിരവധി വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ ആളെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വറ്റല്ലൂര്‍ മക്കരപറമ്ബ് സ്വദേശി കാളന്‍തോടന്‍ അബ്ദുല്‍കരിം (38) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ മലപ്പുറം സ്വദേശി അബ്ദുല്‍ ലത്തീഫിനായി അന്വേഷണം ഊര്‍ജിതമാക്കി.
ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുപ്പാടി, പുത്തന്‍കുന്ന്, നായ്ക്കട്ടി, മൂലങ്കാവ് പ്രദേശങ്ങളിലും, നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാടക്കര, മലങ്കര എന്നിവിടങ്ങളിലും, പുല്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുരഭിക്കവല, റോയല്‍പ്പടി, മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോളേരി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രതികള്‍ മോഷണം നടത്തിയത്.ബത്തേരി പ്രദേശത്ത് നിന്നു മാത്രം 30 ലക്ഷം രൂപയും, 73 പവനുമാണ് പ്രതികള്‍ ചേര്‍ന്ന് കവര്‍ന്നെടുത്തത്.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലും നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് ഇവര്‍. ബത്തേരി പഴുപ്പത്തൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചാണ് പ്രതികള്‍ മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നത്.
വൈകീട്ട് കാറില്‍ സഞ്ചരിച്ച് ആളില്ലാത്ത വലിയ വീടുകള്‍ കണ്ടുവെച്ച് രാത്രി 12 മണിയോടെയെത്തി മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതി. സിസിടിവിയുള്ള വീടുകളില്‍ ദൃശ്യം റെക്കോര്‍ഡ് ചെയ്തുവെക്കുന്ന ഹാര്‍ഡ് ഡിസ്‌ക് ഇവര്‍ എടുത്തു കൊണ്ടുപോകുമെന്ന് പൊലീസ് പറയുന്നു. പാന്റ്‌സും ഷര്‍ട്ടും ഷൂവുമൊക്കെ ധരിച്ചെത്തുന്ന കള്ളന്‍ പൊലീസിന് തെളിവു ലഭിക്കാതിരിക്കാന്‍ ഗ്ലൗസും മാസ്കുമിട്ടാണ് മോഷ്ടിക്കാനിറങ്ങിയിരുന്നത്.
സിസിടിവിയുള്ള സ്ഥലങ്ങളിലെത്തുമ്ബോള്‍ കുടചൂടി മുഖം മറച്ചുപിടിക്കുന്ന കള്ളന്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പൊലീസിനെയും നാട്ടുകാരെയും വട്ടംചുറ്റിച്ച ഈ കള്ളന്‍മാരെ പിടികൂടുന്നതിനായി ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.
സമാനമായ മോഷണ രീതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു. ജില്ലയ്ക്ക് പുറത്തുള്ള പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. അതിനിടെയാണ് ഒരു വാറണ്ട് കേസില്‍ മണ്ണാര്‍ക്കാട് നിന്ന് പെരിന്തല്‍മണ്ണ പൊലീസ് സംഘം അബ്ദുല്‍കരീമിനെ പിടികൂടിയത്.
തുടര്‍ന്ന് കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ മോഷണം നടത്തിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി അറസ്റ്റ് ചെയ്തു. ബത്തേരി ജെഎഫ്സിഎം കോടതി (ഒന്ന്) ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

