മഹാരാഷ്ട്ര: കടുത്ത നിയന്ത്രണങ്ങള്‍ക്കുള്ള പദ്ധതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം

മുംബൈ: മഹാരാഷ്ട്രയിലെ ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറാകാത്തപക്ഷം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച പദ്ധതി തയ്യാറാക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിർദ്ദേശം. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഉദ്യോഗസ്ഥരോട് മുഖ്മന്ത്രി ഇക്കാര്യം നിർദ്ദേശിച്ചത്.
കോവിഡ് കേസുകൾ കുതിച്ചുയരുന്നതിൽ ഉദ്യോഗസ്ഥർ യോഗത്തിൽ ആശങ്ക രേഖപ്പെടുത്തി. മരണസംഖ്യ വൻതോതിൽ ഉയർന്നേക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥർ പങ്കുവച്ചു. രോഗികളുടെ എണ്ണം വർധിക്കുന്നതോടെ ആശുപത്രികളിലെ സൗകര്യങ്ങൾ തികയാതെ വരുന്ന സാഹചര്യവും ചർച്ചയായി. സെക്രട്ടേറിയറ്റിലേക്കും സംസ്ഥാന സർക്കാർ ഓഫീസുകളിലേക്കും ജനങ്ങൾ പ്രവേശിക്കുന്നത് തടയാൻ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ ജനം തയ്യാറാകാത്തപക്ഷം ലോക്ക്ഡൗണിലേക്ക് തന്നെ നീങ്ങേണ്ടിവരുമെന്ന് യോഗത്തിൽ ആരോഗ്യമന്ത്രി രാജേഷ് ടോപ്പേ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 3.75 ലക്ഷം ഐസോലേഷൻ കിടക്കകളുണ്ടെന്ന് പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം) ഡോ. പ്രദീപ് വ്യാസ് യോഗത്തെ അറിയിച്ചു. ഇതിൽ 1.07 ലക്ഷം കിടക്കകൾ നിറഞ്ഞു കഴിഞ്ഞു. 60,349 ഓക്സിജൻ കിടക്കകളിൽ 12,701 എണ്ണത്തിലും നിലവിൽ രോഗികളുണ്ട്. 1881 വെന്റിലേറ്ററുകൾ നിലവിൽ സംസ്ഥാനത്ത് ലഭ്യമാണെന്നും 9030 എണ്ണത്തിൽ കോവിഡ് രോഗികൾ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് വ്യാപനം തടയാൻ ഞായറാഴ്ച മുതൽ മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ നിലവിൽ വരികയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സ്ഥിതിയാണ്. ശനിയാഴ്ച മഹാരാഷ്ട്രയിൽ 35,726 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തലസ്ഥാനമായ മുംബൈയിൽ 6123 പേർക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് ശനിയാഴ്ച ആയിരുന്നു.

