കാസർഗോട്ട് വാക്സിനെടുത്ത 36 ആരോഗ്യപ്രവർത്തകർക്കു കോവിഡ്

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് വാക്സിനേഷന് സ്വീകരിച്ച 36 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 12 പേര് വാക്സിനേഷന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ച് രണ്ടാഴ്ച പൂര്‍ത്തീകരിച്ചവരാണ്. ഉദുമ സിഎച്ച്സിയിലെ ആറുപേര്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ രണ്ടുപേര്‍, ഡിഎംഒ ഒാഫീസിലെ രണ്ടുപേര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച 12 പേരില്‍ ആര്‍ക്കുംതന്നെ രോഗലക്ഷങ്ങളുണ്ടാകുകയോ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ല. മറ്റ് 24 പേര് വാക്സിനേഷന്റെ വിവിധ ഘട്ടങ്ങളിലുള്ളവരോ വാക്സിനേഷന് എടുക്കാത്തവരോ ആണ്. 2020 ജൂലൈ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ജില്ലയില്‍ ഒരു മാസം 96 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്ന കണക്കില്‍ 771 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇവരില്‍ കൂടുതല്‍ പേര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമാവുകയും ആശുപത്രിയില്‍ ചികിത്സ തേടേ ണ്ടിവരികയും ചെയ്തു.
കോവിഡ് വാക്സിന്, ലക്ഷണങ്ങളോടു കൂടിയ കോവിഡ് രോഗത്തെയാണ് കൂടുതല്‍ പ്രതിരോധിക്കുന്നതെന്നും അതിനാല്‍ വാക്സിന് സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലക്ഷണങ്ങളില്ലാത്ത കോവിഡ് സ്ഥിരീകരിച്ചത് ഒട്ടും ആശങ്കയ്ക്കു വക നല്‍കുന്നില്ലെന്നും സംസ്ഥാന കോവിഡ്-19 വിദഗ്ധ സമിതി അംഗവും തിരുവനന്തപുരം മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗം അസോസിയേറ്റ് പ്രഫസറുമായ ഡോ. ടി.എസ്. അനീഷ് അഭിപ്രായപ്പെട്ടു.
കൂടാതെ മാര്‍ച്ചില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് നിരക്കു കുറഞ്ഞത് വാക്സിന്റെ ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് വാക്സിന് സ്വീകരിച്ചാല്‍ കോവിഡ് വരാന്‍ 20 ശതമാനം സാധ്യത മാത്രമേയുള്ളൂ. വാക്സിന് സ്വീകരിച്ചവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഇവരില്‍നിന്നു മറ്റുള്ളവരിലേക്കു രോഗം പകരാനുള്ള സാധ്യതയും വളരെക്കുറവാണ്. വാക്സിന് സ്വീകരിച്ചവര്‍ക്കു രോഗം മൂര്‍ച്ഛിച്ചു ഗുരുതരാവസ്ഥയിലേക്ക് എത്തുകയുമില്ല.

