പ്രചാരണത്തിനിടെ പൊട്ടിത്തെറിച്ച് തൃണമൂല്‍ എം.പി. നുസ്രത്ത് ജഹാന്; പരിഹസിച്ച് ബിജെപി

കൊൽക്കത്ത: ‘ഒരു മണിക്കൂറിൽ അധികം നീണ്ട’ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രോഷാകുലയായ സിനിമാതാരവും തൃണമൂൽ കോൺഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഒരു മണിക്കൂറിലധികമായി താൻ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രിക്ക് വേണ്ടി പോലും താനിത് ചെയ്യില്ലെന്നും നുസ്രത്ത് ജഹാൻ പറയുന്നത് വീഡിയോയിൽ കേൾക്കാം. വീഡിയോ പുറത്ത് വന്നതോടെ പരിഹാസവുമായി ബി.ജെ.പി രംഗത്തെത്തി. അതേസമയം ഈ വീഡിയോ എന്നത്തേതാണ് എന്ന കാര്യം വ്യക്തമല്ല.
വീഡിയോയിൽ വാഹനത്തിൽ പ്രചാരണം നടത്തുന്ന നുസ്രത്തിനോട് ഒരാൾ പ്രധാന റോഡ് വരെ വരാൻ അഭ്യർഥിക്കുന്നത് കേൾക്കാം. പ്രധാന റോഡ് ഇവിടെ അടുത്താണെന്നും അര കിലോമീറ്റർ മാത്രമേ ദൂരമുള്ളെന്നും ഇദ്ദേഹം നുസ്രത്തിനോട് പറയുന്നുണ്ട്. എന്നാൽ നുസ്രത്ത് ഇതിന് തയ്യാറായില്ല. ഒരു മണിക്കൂറിൽ കൂടുതൽ നേരം താൻ മുഖ്യമന്ത്രിക്ക് വേണ്ടി പോലും പ്രചാരണം നടത്തില്ലെന്നും നുസ്രത്ത് പറയുന്നുണ്ട്. തുടർന്ന് പ്രചാരണ വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ബി.ജെ.പി. ബംഗാൾ ഘടകത്തിന്റെ ട്വിറ്റർ പേജിലുൾപ്പടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. നന്ദിഗ്രാമിൽ മമത പരാജയപ്പെടുന്ന എന്ന ഹാഷ്ടാഗ് ഉൾപ്പടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

