KSDLIVENEWS

Real news for everyone

യു.പിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രമന്ത്രി

SHARE THIS ON

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന പൂർത്തിയാക്കിയിരുന്നു. എ.ബി.വി.പിക്കാർ ആക്രമിച്ചു എന്നത് ആരോപണം മാത്രമാണ്. ഭിന്നിപ്പിന് വേണ്ടിയാണ് ഈ വിഷയം ഉന്നയിക്കുന്നതെന്നും ഇത് കേരളത്തിൽ ചർച്ചയാക്കുന്നത് വോട്ടിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി കേരള സർക്കാർ ഈ സംഭവം ഉപയോഗപ്പെടുത്തിയെന്നും കേന്ദ്ര റെയിൽവേ മന്ത്രി ആരോപിച്ചു.

കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. പിന്നാലെ കേരളത്തിലെത്തിയ അമിത് ഷാ ഉത്തർപ്രദേശിലെ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുംനൽകി. ഇതിനിടെയാണ് കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപിക്കാരാണെന്ന് ഝാൻസി റെയിൽവേ പോലീസ് സൂപ്രണ്ട് വെളിപ്പെടുത്തിയത്. എന്നാൽ ഇത് പൂർണമായും തള്ളിക്കളയുന്നതാണ് കേന്ദ്ര റെയിൽവേ മന്ത്രിയുടെ പുതിയ പ്രസ്താവന.

മാർച്ച് 19-ന് ഡൽഹിയിൽനിന്ന് ഒഡീഷയിലേക്ക് പോയ ട്രെയിനിൽ ഝാൻസിയിൽവെച്ച് മലയാളി അടക്കമുള്ള കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടെന്നായിരുന്നു പരാതി. പെൺകുട്ടികളെ മതംമാറ്റാൻ കൊണ്ടുപോകുന്നു എന്ന് ആരോപിച്ചാണ് ഒരു സംഘം കന്യാസ്ത്രീകൾക്ക് നേരേ കൈയേറ്റത്തിന് മുതിർന്നത്. ഇവരെ ഏറെനേരം തടഞ്ഞുവെയ്ക്കുകയും ചെയ്തു. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!