KSDLIVENEWS

Real news for everyone

കായംകുളത്ത്‌ പോസ്റ്റല്‍ വോട്ടിനൊപ്പം പെന്‍ഷന്‍ വിതരണം; വോട്ടറെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി

SHARE THIS ON

ആലപ്പുഴ: കായംകുളത്ത് 80 വയസ് കഴിഞ്ഞവരെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നവർക്കൊപ്പമെത്തി ക്ഷേമ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായി ആരോപണം. കായംകുളം മണ്ഡലത്തിൽ 77-ാം നമ്പർ ബുത്തിലെ ചേരാവള്ളി തോപ്പിൽ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച വോട്ട് ചെയ്യിക്കാനായി ഉദ്യോഗസ്ഥർ വീട്ടിലെത്തിയ വേളയിലാണ് പ്രദേശത്തെ സഹകരണ ബാങ്ക് ജീവനക്കാരൻ വോട്ടർക്ക് പെൻഷൻ നൽകി സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് യുഡിഎഫ് ആരോപിച്ചു.

സംഭവത്തിന്റെ വീഡിയോയും യുഡിഎഫ് പ്രവർത്തകർ പുറത്തുവിട്ടു. ”രണ്ടു മാസത്തെ പെൻഷനാണിത്. സർക്കാർ അധികാരത്തിൽ വന്നാൽ അടുത്ത മാസം മുതൽ പെൻഷൻ 2500 രൂപയാണ്” എന്ന് പെൻഷൻ കൈമാറിയ ശേഷം സഹകരണ ബാങ്ക് ജീവനക്കാരൻ വയോധികയോട് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. പോസ്റ്റൽ വോട്ടിനെത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം.

സംഭവം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് യുഡിഎഫ് ആരോപിച്ചു. ജില്ലാ കളക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ ഇതുസംബന്ധിച്ച് പരാതി അറിയിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ കളക്ടറെ നേരിൽകണ്ട് പരാതി നൽകുമെന്നും യുഡിഎഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി നേതാക്കൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!