KSDLIVENEWS

Real news for everyone

ബൂത്തുകളിൽ നായ്ക്കുരണ ; കൊമ്പ് കോർത്ത് തൃക്കരിപ്പൂരിലെ സ്ഥാനാർത്ഥികൾ

SHARE THIS ON

കാസർകോട് : പാർട്ടി ഗ്രാമങ്ങളിലെ ബൂത്തുകളിൽ യു ഡി എഫ് , ബി ജെ പി സ്ഥാനാർത്ഥികളുടെ ഏജന്റുമാരെ ഇരിക്കാൻ അനുവദിക്കുന്നില്ലെന്ന് സ്ഥാനാർത്ഥികൾ . വെറുതെ ഇരുന്നു മടുക്കുമ്പോൾ സ്വയം എഴുന്നേറ്റു പോകുന്നതിനെ ദുർവ്യാഖ്യാനിക്കുന്നതാണെന്ന് എൽ ഡി എഫ് . പ്രസ്കബ്ബിന്റെ പഞ്ചസഭ ‘ പരിപാടിയിലാണ് വിഷയത്തെ ചൊല്ലി തൃക്കരിപ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ കൊമ്പുകോർത്തത് . പാർട്ടി ഗ്രാമങ്ങളിലെ ബൂത്തുകളിൽ എതിർ സ്ഥാനാർത്ഥികളുടെ ഏജന്റുമാർ ഇരുന്നാൽ നായ്ക്കുരണ വിതറി ഓടിക്കുന്നത് പതിവാണെന്ന് യു ഡി എഫ് സ്ഥാനാർത്ഥി എം പി ജോസഫ് ആരോപിച്ചു . ബൂത്തിൽ ഇരുന്നവരെ മുറികളിൽ പൂട്ടിയിട്ട് ഇനി വരില്ലെന്ന് എഴുതി വാങ്ങിയ സംഭവം വരെ ഉണ്ടെന്ന് ബി ജെ പി സ്ഥാനാർത്ഥി ടി വി ഷിബിൻ പറഞ്ഞു . ഈ വാദങ്ങൾ ശരിയല്ലെന്നും പോളിംഗ് സമയം കഴിയും മുമ്പ് ബൂത്തിൽ നിന്നും ഇറങ്ങി കെട്ടുകഥകൾ മെനയുകയാണ് പതിവെന്നും എം രാജഗോപാലൻ മറുപടി നൽകി . അഞ്ചു വർഷം കൊണ്ട് ശ്രദ്ധേയമായ വികസന പദ്ധതികളാണ് തൃക്കരിപ്പൂരിൽ നടപ്പിലാക്കിയത് . വിവിധ പദ്ധതികൾക്കായി 435 കോടി ചെലവഴിച്ചു . അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകി 15 പാലങ്ങൾ പണിതു . ഇവയിൽ മൂന്നെണ്ണം മേൽപാലങ്ങളാണ് . രണ്ടു താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങി . വിദ്യാഭ്യാസ മേഖലയിൽ 94.86 കോടി രൂപ ചെലവഴിച്ച് ടൂറിസത്തിന് പ്രത്യേക പരിഗണന നൽകി . ഇ എം എസ് അന്താരാഷ്ട്ര സ്റ്റേഡിയം , മൾട്ടി പ്ലസ് ഇൻഡോർ സ്റ്റേഡിയം എന്നിവ ശ്രദ്ധേയമാണ് . പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 8.9 കോടി രൂപ അനുവദിച്ചു – രാജഗോപാൽ പറഞ്ഞു . കാസർകോട് കാലു കുത്തിയതു മുതൽ തൃക്കരിപ്പൂർ അവികസിത മണ്ഡലമെന്ന ദുഷ്പേര് കേൾക്കാൻ തുടങ്ങിയിരുന്നെന്ന് യു ഡി എഫ് സ്ഥാനാർത്ഥി എം പി ജോസഫ് പറഞ്ഞു . ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ലഭിച്ചിട്ടുണ്ട് . ഇതുവരെ നിയമസഭയിൽ പ്രതിനിധീകരിച്ചവരാണ് ഈ മണ്ഡലത്തെ ഓണം കേറാമൂലയാക്കിയത് . തന്നെ വിജയിപ്പിച്ചാൽ തൊഴിൽ മേഖലയ്ക്കും കുടിവെള്ള മേഖലയ്ക്കും മുൻതൂക്കം നൽകും . എസ് ടി , എസ് സി വിഭാഗങ്ങൾക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കും . വികസമുരടിപ്പു മാറ്റി പുതിയ തൃക്കരിപ്പൂർ ഉണ്ടാകും – അദ്ദേഹം പറഞ്ഞു . തൃക്കരിപ്പൂർ മണ്ഡലത്തിലെ വികസനം വാക്കുകളിൽ മാത്രമാണെന്ന് ബി ജെ പി സ്ഥാനാർത്ഥി ടി വി ഷിബിൻ പറഞ്ഞു . പത്തുപേർക്ക് ജോലിയുള്ള എന്തെങ്കിലും പദ്ധതി കൊണ്ടുവന്നോ ? രണ്ട് മുഖ്യമന്ത്രിമാരെ അയച്ച മണ്ഡലമായിട്ടും അടിസ്ഥാന വികസനത്തിന് ഒന്നും ചെയ്തില്ല . ചീമേനി താപവൈദ്യുത നിലയം എവിടെ ? .ചീമേനിയിലെ വ്യവസായ പാർക്ക് എവിടെ ? കാക്കടവ് ശുദ്ധജല പദ്ധതി എവിടെ ? -അദ്ദേഹം ചോദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!