കാസര്‍ഗോഡ് ഒരാഴ്ചയ്ക്കിടയില് കൊവിഡ് മരണ നിരക്ക് ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍

കാസര്‍ഗോഡ്: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം, മരണവും വര്‍ധിച്ചുവരുന്നതായി കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ 7വരെ 964 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 173 പേരും ചികിത്സാ കേന്ദ്രങ്ങളിലാണുള്ളത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മരണനിരക്ക് ഉയരാനും കാരണമാകുന്നു. ഒരാഴ്ചക്കിടെ മാത്രം നാലു പേരാണ് കോവിഡ് ബാധിച്ച് ജില്ലയില്‍ മരിച്ചത്.
നിലവില്‍ ജില്ലയിലെ മുഴുവന്‍ കോവിഡ് ചികിത്സാകേന്ദ്രങ്ങളിലെയും കിടക്കകള്‍ രോഗികളെ കൊണ്ട് നിറയുന്ന സാഹചര്യമാണ്. ഈ മാസം 45 വയസിന് മുകളിലുള്ള എല്ലാവര്ക്കും, എല്ലാ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുന്നുണ്ട്. എങ്കിലും, ഏവരും പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി സ്വീകരിക്കണമെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ നല്കുന്ന സൂചന.

