KSDLIVENEWS

Real news for everyone

കോവിഡ് വ്യാപനം ; മംഗളൂരുവിൽ രാത്രി കാല കർഫ്യൂ

SHARE THIS ON

ന്യൂഡൽഹി / മംഗ്ളൂരു : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു . 24 മണിക്കൂറിനുള്ളിൽ 1,31,968 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു . ഇതാദ്യമായാണ് ഇത്രയും പേർക്ക് ഒരേ ദിവസം രോഗ ബാധ ഉണ്ടാകുന്നത് . 24 മണിക്കൂറിനുള്ളിൽ 780 പേർ മരണപ്പെട്ടു . കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാണെന്നും എന്നാൽ മരണ സംഖ്യ ഉയരാൻ സാധ്യതയില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ . ഹർഷവർധൻ പറഞ്ഞു . രാജ്യത്ത് ഇതുവരെ 1,3 കോടി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . നിലവിൽ 9,79,608 പേർ ചികിത്സയിലുണ്ട് . 1,67,642 പേർ മരണപ്പെട്ടു . മഹാരാഷ്ട്ര , ഗുജറാത്ത് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ സ്ഥിതി അതീവ ഗുരുതര നിലയിലേയ്ക്ക് നീങ്ങി കൊണ്ടിരിക്കുകയാണ് . രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ പ്രധാന മന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങൾക്കു നിർദ്ദേശം നൽകി . ഏതൊക്കെ നടപടികൾ വേണമെന്ന് സംസ്ഥാനങ്ങൾക്കു തിരുമാനിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി . കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായതോടെ കൂടുതൽ സംസ്ഥാനങ്ങൾ കർശന നിർദ്ദേശങ്ങളിലേയ്ക്ക് നീങ്ങി . ഡൽഹിക്കും പഞ്ചാബിനും ഗുജറാത്തിനും തമിഴ്നാടിനും പിന്നാലെ കർണ്ണാടകയും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു . മംഗ്ളൂരു , ഉഡുപ്പി , ബംഗ്ളൂരു , തുംകാർ , ബീദർ തുടങ്ങി 10 ജില്ലാ ആസ്ഥാനങ്ങളിലാണ് രാത്രി 10 മുതൽ പുലർച്ചെ 5.30 വരെ കർഫ്യൂ പ്രഖ്യാപിച്ചത് . വേണ്ടിവന്നാൽ രാത്രി മുഴുവൻ കർഫ്യൂ പ്രഖ്യാപിക്കുന്നതിനെ കുറിച്ചും ആലോചിക്കാനാണ് അധികൃതരുടെ തീരുമാനം . കേരളത്തിലും കോവിഡ് കേസുകൾ പെരുകിക്കൊണ്ടിരിക്കുന്നു . മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കോവിഡ് ബാധിച്ച് ചികിത്സയിലാണ് . കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!