തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയെ കാര്‍ തടഞ്ഞ് വെട്ടിപ്പരിക്കേല്പിച്ച് 100 പവന് കവര്‍ന്നു; ഒരാളെ തട്ടിക്കൊണ്ടുപോയി

പോത്തന്‍കോട് (തിരുവനന്തപുരം): ജ്വല്ലറി ഉടമയെ കാര്‍ തടഞ്ഞ് മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്പിച്ച് 100 പവന് സ്വര്‍ണം കവര്‍ന്നു. വെള്ളിയാഴ്ച രാത്രി എേട്ടാടെ പള്ളിപ്പുറം ടെക്നോസിറ്റി പ്രധാന കവാടത്തിന് മുന്നിലായിരുന്നു സംഭവം. നെയ്യാറ്റിന്‍കര കേരള ഫാഷന്‍ ജ്വല്ലറി ഉടമ മഹാരാഷ്ട്ര സ്വദേശി സമ്ബത്തിനെയും (47) കാര്‍ ഡ്രൈവര്‍ അരുണിനെയുമാണ് രണ്ട് കാറുകളിലെത്തിയ എട്ടംഗസംഘം ആക്രമിച്ചത്.
കാറില്‍ ഒപ്പമുണ്ടായിരുന്ന ലക്ഷ്മണയെ സംഘം തട്ടിക്കൊണ്ടുപോയതായും പരാതിയുണ്ട്. ജില്ലയിലെ ജ്വല്ലറികള്‍ക്ക് ആവശ്യമായ സ്വര്‍ണ ഉരുപ്പടികള്‍ നിര്‍മിച്ച് നല്കുന്ന മൊത്ത വ്യാപാരിയാണ് സമ്ബത്ത്. കാറിലുള്ളവരെ വെട്ടിയശേഷം ഡ്രൈവര്‍ അരുണിനെ മര്‍ദിച്ച് അവശനാക്കി.തുടര്‍ന്ന് മോഷണസംഘം അവര്‍ വന്ന കാറില്‍ കയറ്റി അരുണിനെ വാവറയമ്ബലം ജങ്ഷനുസമീപം ഉപേക്ഷിെച്ചന്നാണ് മൊഴി. അവിടെ നിന്ന് ഓട്ടോയിലാണ് അരുണ്‍ മംഗലപുരം സ്റ്റേഷനില്‍ എത്തിയത്.
മുന്നിലും പിന്നിലും കാറിലെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് സമ്ബത്ത് പറഞ്ഞു. മുന്നിലെ കാര്‍ നിര്‍ത്തിയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞത്. വെട്ടുകത്തി ഉപയോഗിച്ച് ഗ്ലാസ് തകര്‍ത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. ആറ്റിങ്ങല്‍ ഭാഗങ്ങളിലെ ജ്വല്ലറികള്‍ക്ക് കൊടുക്കാനായി കൊണ്ടുവന്ന 788 ഗ്രാം സ്വര്‍ണമാണ് കവര്‍ന്നതെന്ന് സമ്ബത്ത് മംഗലപുരം പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. മംഗലപുരം പൊലീസ് അന്വേഷണം തുടങ്ങി.

