KSDLIVENEWS

Real news for everyone

കേരളത്തിൽ വാക്സിൻ വിതരണം കൃത്യമായി നടക്കുന്നു; പല സംസ്ഥാനങ്ങളും പാഴാക്കുന്നു; കേന്ദ്രം

SHARE THIS ON

ന്യൂഡൽഹി: കോവിഡ് വാക്സിൻ ക്ഷാമമെന്ന ഒരു പ്രശ്നം രാജ്യത്തില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ. എന്നാൽ വിതരണത്തിലെ പിടിപ്പുകേടുകൊണ്ട് വാക്സിൻ പാഴാകുന്നത് ഒരു പ്രശ്നം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരു ശതമാനം പോലും വാക്സിൻ പാഴാകുന്നില്ല. എന്നാൽ മറ്റുപല സംസ്ഥാനങ്ങളും എട്ട് മുതൽ ഒൻപത് ശതമാനം വരെ വാക്സിനുകൾ പാഴാക്കിക്കളയുന്നുവെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചെറിയ സംസ്ഥാനങ്ങൾക്ക് എട്ട് മുതൽ ഒൻപത് ദിവസത്തിനിടെ വാക്സിൻ എത്തിക്കുന്നുണ്ട്. എന്നാൽ വലിയ സംസ്ഥാനങ്ങൾക്ക് 15 ദിവസത്തിനിടെയാണ് വാക്സിൻ എത്തിക്കുന്നത്. 13.10 കോടി ഡോസ് വാക്സിനുകളാണ് വിവിധ സംസ്ഥാനങ്ങൾക്ക് ഇതുവരെ നൽകിയത്. 11.43 കോടി ഡോസുകൾ വിവിധ സംസ്ഥാനങ്ങൾ ഇതുവരെ ഉപയോഗിച്ചു. 1.67 കോടി ഡോസുകൾ ഇപ്പോൾ വിവിധ സംസ്ഥാനങ്ങളുടെ പക്കലുണ്ട്. 2.01 കോടി ഡോസുകൾ ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മാന്ത്രാലയ സെക്രട്ടറി കൂട്ടിച്ചേർത്തു. രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ 89.51 ശതമാനം പേരും രോഗമുക്തി നേടി. 1.25 ശതമാനം പേർ മരിച്ചു. 9.24 ശതമാനമാണ് നിലവിലെ ആക്ടീവ് കേസുകൾ.

എന്നാൽ പുതിയ കേസുകളുടെ കാര്യമെടുത്താൽ മുമ്പത്തെ ഉയർന്ന കണക്കുകൾ പലതും ഭേദിച്ചുകഴിഞ്ഞു. കേസുകൾ വർധിക്കുകയാണ്. ആശങ്ക ഉണ്ടാക്കുന്നതാണ് സ്ഥിതിവിശേഷം. പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണവും വർധിക്കുകയാണ്. മഹാരാഷ്ട്രയിലെ സ്ഥിതിയാണ് അതീവ ഗുരുതരം. ഉത്തർപ്രദേശിന്റെ കാര്യമെടുത്താൽ ശരാശരി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 89 ൽനിന്ന് 10,000 ആയി വർധിച്ചിട്ടുണ്ടെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!