കോവിഡ് പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് ധനസഹായം നല്‍കണം -മോദിക്ക് ഉദ്ദവ് താക്കറെയുടെ കത്ത്

മുംബൈ: കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് സാമ്ബത്തിക സഹായം (സ്റ്റേറ്റ് ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട്) അനുവദിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം കത്തെഴുതി.
കോവിഡ് ബാധിച്ച് ആറുലക്ഷത്തോളം പേര് ചികിത്സയിലുണ്ടെന്നും മഹാരാഷ്ട്രയിലും മറ്റു സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണെന്നും ചൂണ്ടിക്കാട്ടി സഹായം അഭ്യര്‍ഥിച്ചാണ് മുഖ്യമന്ത്രിയുടെ കത്ത്. ജനങ്ങള്‍ക്ക് ആരോഗ്യ സാമ്ബത്തിക സഹായങ്ങള്‍ ആവശ്യമായി വരും. ചെറു ലോക്ഡൗണുകള്‍ ആവശ്യമായി വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോക്ഡൗണ്‍ ജനങ്ങളുടെ ജീവിത സാഹചര്യത്തെ മാറ്റിമറിച്ചു. ചെറു ലോക്ഡൗണുകള്‍ പോലും ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ല. അതിനാല്‍ ജനങ്ങളിലേക്ക് പണം എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ബുധനാഴ്ച മാത്രം 60,000 ത്തില്‍ അധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയായി 50,000 ത്തോളം പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ആശുപത്രി കിടക്കള്‍ നിറയുകയും ഓക്സിജന്‍ സൗകര്യമടക്കം നിലക്കുകയും ചെയ്തു.

