ജില്ലയിൽ കോവിഡ് കണക്കുകൾ ഉയരുന്നു; ആശങ്കയും; ജാഗ്രത കൈവിട്ടാൽ സ്ഥിതി വഷളാകും

കാഞ്ഞങ്ങാട് ∙ ജില്ലയിൽ കോവിഡ് പോസിറ്റീവാകുന്നവരുടെ പ്രതിദിന എണ്ണം 500 കടക്കുമെന്ന കണക്കൂട്ടലിൽ ആരോഗ്യ വകുപ്പ്. വിഷു അവധിയായതിനാൽ കഴിഞ്ഞ ദിവസം വ്യാപകമായി സ്രവ പരിശോധന നടത്തിയിരുന്നില്ല. വരും ദിവസങ്ങളിൽ സ്രവ പരിശോധന കൂടുന്നതോടെ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണവും ഉയരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കു കൂട്ടൽ. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം പരിധി വിട്ടാൽ ആശങ്ക ഏറെയാണ്. മതിയായ ചികിത്സാ സൗകര്യമില്ലാത്തതാണ് ആശങ്കയ്ക്ക് പ്രധാന കാരണം.
നിലവിൽ കോവിഡ് ലക്ഷണങ്ങൾ കൂടുതലായി കാണുന്നതും ആശങ്കയ്ക്ക് ഇടനൽകുന്നു. ഐസിയു കെയർ കൂടുതലായി വേണ്ടി വരുന്നതും പ്രതിസന്ധിയാണ്. വിഷു ആഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ തിരക്കായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ കാറ്റിൽ പറത്തിയാണ് പലയിടത്തും ആൾക്കൂട്ടമുണ്ടായത്.
വാക്സീൻ സ്വീകരിച്ചത് 1,74,666 പേർ
ല്ലയിൽ 14 വരെ വാക്സീൻ സ്വീകരിച്ചത് 1,74,666 പേരാണ്. ഇതിൽ 45 വയസ്സ് കഴിഞ്ഞ 1,31,101 പേരാണ് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചത്. 3,108 പേർ രണ്ടാം ഡോസും സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകരിൽ 9,440 പേരാണ് വാക്സീൻ സ്വീകരിച്ചത്. മുന്നണി പോരാളികളിൽ 20,228 പേരും ആദ്യ ഘട്ട വാക്സീൻ സ്വീകരിച്ചു.
ജാഗ്രത കൈവിട്ടാൽ സ്ഥിതി വഷളാകും
കോവിഡ് മാനദണ്ഡം ലംഘിച്ചാൽ ജില്ലയുടെ സ്ഥിതി അതീവ സങ്കീർണമാകും. ചികിത്സ സൗകര്യമില്ലാത്തതിനാൽ സ്ഥിതി കൈവിട്ടു പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഈ മാസം അവസാനം വരെ കർശന നിയന്ത്രണം പാലിച്ചാൽ സ്ഥിതി നിയന്ത്രണാതീതമാകുമെന്ന വിലയിരുത്തലാണ് ആരോഗ്യ വകുപ്പിന്റേത്.
രണ്ടു ദിവസങ്ങളിലായി പോസിറ്റീവായത് 582 പേർ
ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോവിഡ് പോസിറ്റീവായത് 582 പേർക്കാണ്. വിഷു നാളിൽ 424 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 158 പേർക്കും കോവിഡ് പോസിറ്റീവായി. രണ്ടു ദിവസങ്ങളിലായി 136 പേരാണ് കോവിഡ് നെഗറ്റീവായത്. നിലവിൽ 3,355 പേരാണ് ചികിത്സയിലുള്ളത്. 9,534 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 35,774 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 32,094 പേർ കോവിഡ് നെഗറ്റീവായി.
കൂടുതൽ പേർ ചെറുവത്തൂരിൽ
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് ചെറുവത്തൂർ പഞ്ചായത്തിലാണ്. 58 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാഞ്ഞങ്ങാട് നഗരസഭയിലും കോവിഡ് കേസുകൾ വലിയ തോതിൽ ഉയരുന്നു. രണ്ടു ദിവസങ്ങളിലായി 53 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ചെമ്മനാട്, ബേഡഡുക്ക പഞ്ചായത്തുകളിലും കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്.

