റൗള്‍ കാസ്ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനമൊഴിഞ്ഞു

മെക്സിക്കോ സിറ്റി: ക്യൂബയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വം “അഭിനിവേശവും സാമ്രാജ്യത്വ വിരുദ്ധ മനോഭാവവും നിറഞ്ഞ” ഒരു യുവതലമുറയ്ക്ക് കൈമാറുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്, റൗൾ കാസ്ട്രോ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃസ്ഥാനമൊഴിഞ്ഞു. വെള്ളിയാഴ്ച ആരംഭിച്ച ചതുർദിന പാർട്ടി കോൺഗ്രസിലായിരുന്നു അദ്ദേഹത്തിന്റെ സുപ്രധാന പ്രഖ്യാപനം. ജൂണിൽ 90 വയസ്സ് തികയുന്ന കാസ്ട്രോ വെള്ളിയാഴ്ച കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ച പ്രസംഗത്തിൽ, നേതൃസ്ഥാനത്തു നിന്ന് വിരമിക്കണമെന്ന തന്റെ ദീർഘകാല ആഗ്രഹം ആവർത്തിച്ചു. തിങ്കളാഴ്ച സമ്മേളനം അവസാനിക്കുന്നതിനുമുമ്പ് അദ്ദേഹം സ്ഥാനമൊഴിയുകയും പകരക്കാരനെ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

