ആൾക്കൂട്ടം അനുവദിക്കില്ല, അവശ്യസാധനങ്ങൾ വിൽക്കുന്ന കട തുറക്കാം: കടുത്ത നിയന്ത്രണ

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മേയ് 4 മുതൽ 9 വരെ നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സർക്കാർ. ഈ ദിവസങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ വിശദ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മേയ് 4 മുതൽ 9 വരെയുള്ള നിയന്ത്രണങ്ങൾ: കേന്ദ്ര–സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ അടിയന്തര സർവീസ് മാത്രം നടത്തണം. അടിയന്തര സർവീസുകൾ നടത്തുന്ന വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ സ്ഥാപനങ്ങൾ എന്നിവയ്ക്കു പ്രവർത്തിക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കരുതണം. ഓക്സിജൻ വിതരണം തടസമില്ലാതെ നടക്കും. ഓക്സിജൻ ടെക്നീഷ്യൻമാർ, ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ തിരിച്ചറിയൽ രേഖയുടെ അടിസ്ഥാനത്തിൽ സഞ്ചരിക്കാൻ അനുവദിക്കണം. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. വിവാഹങ്ങൾക്ക് 50, മരണാനന്തര ചടങ്ങുകൾക്ക് 20 എന്നതിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത്. ടെലികോം സർവീസ്, മറ്റു അടിയന്തര സേവനങ്ങൾ നൽകുന്ന കമ്പനികൾ, പെട്രോളിയം–എൽപിജി വിതരണക്കാർ എന്നിവരെ തിരിച്ചറിയൽ രേഖയുടെ അടിസ്ഥാനത്തിൽ സഞ്ചരിക്കാൻ അനുവദിക്കണം. ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കു ഡോക്ടറോ സ്ഥാപനമോ സ്വയം തയാറാക്കുന്ന സത്യവാങ്മൂലം ഹാജരാക്കി അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യാം. വാക്സീൻ എടുക്കാൻ പോകുന്നവരുടെ രേഖകൾ പരിശോധിച്ച് യാത്ര അനുവദിക്കണം. മെഡിക്കൽ ഷോപ്പുകൾ, പത്രവിതരണം, ഹോട്ടൽ, പലവ്യഞ്ജനക്കട, പഴക്കട, പച്ചക്കറിക്കട, പാൽ വിതരണ കേന്ദ്രം, പാൽബൂത്തുകൾ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കാം. വാഹന വർക്ഷോപ്പുകൾക്കും പ്രവർത്തനാനുമതി ഉണ്ട്. കടകൾ 9 മണിക്ക് അടയ്ക്കണം. ഉടമയും ജീവനക്കാരും രണ്ട് മാസ്കും കയ്യുറയും ധരിക്കണം. റസ്റ്ററൻറുകളിലും ഹോട്ടലുകളിലും പാഴ്സൽ മാത്രം. 9 മണിക്കു പ്രവർത്തനം അവസാനിപ്പിക്കണം. ബാങ്കുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ ഉച്ചയ്ക്കു 1 മണിവരെ. ദീർഘദൂര ബസുകൾക്കും ട്രെയിനുകൾക്കും വിമാനസർവീസിനും തടസമില്ല. പൊതുഗതാഗതത്തിനും ചരക്കുനീക്കത്തിനും തടസമില്ല. വിമാനത്താവളത്തിലേക്കോ ആശുപത്രികളിലേക്കോ റെയിൽവേ സ്റ്റേഷനിലേക്കോ ബസ് സ്റ്റാൻഡിലേക്കോ ബസ് സ്റ്റോപ്പിലേക്കോ പോകുന്ന സ്വകാര്യ വാഹനങ്ങൾ, ടാക്സി, ഓട്ടോറിക്ഷ എന്നിവയ്ക്കു തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയാൽ യാത്ര ചെയ്യാം. അതിഥി തൊഴിലാളികൾക്ക് അതതു സ്ഥലത്ത് ജോലി ചെയ്യാം. റേഷൻ കടകളും സിവിൽ സപ്ലൈസ് സ്ഥാപനങ്ങളും പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ 50 പേർക്കു പ്രാർഥന നടത്താം എന്നത് വലിയ സൗകര്യം ഉള്ളിടത്തു മാത്രമാണ്. സൗകര്യമില്ലാത്തിടത്ത് ആളുകളുടെ എണ്ണം കുറയ്ക്കണം. തിരഞ്ഞെടുപ്പ് ജോലികൾക്കും അടിയന്തര സർവീസുകൾക്കും 1, 2 തീയതികളിൽ തടസമില്ല. ഇരുചക്ര വാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ രണ്ടുപേർക്കു യാത്ര ചെയ്യാം. എന്നാൽ, ഓരോ ആളും രണ്ടു മാസ്ക് ധരിക്കണം. കുടുംബാംഗങ്ങൾ അല്ലെങ്കിൽ ബൈക്കിൽ ഒരാളെ മാത്രമേ അനുവദിക്കൂ. കടകൾ നിശ്ചിത സമയത്ത് തുറക്കുകയും അടക്കുകയും ചെയ്യുന്നുണ്ടെന്നു മാർക്കറ്റ് കമ്മിറ്റികൾ ഉറപ്പാക്കണം– മുഖ്യമന്ത്രി പറഞ്ഞു. English Summary: Restrictions in Kerala From May 4th to 9th

