വോട്ടെണ്ണല്‍ മൂന്നര മണിക്കൂറില്‍: ഇടതിന് മുന്‍തൂക്കം, എന്‍.ഡി.എ. മൂന്നിടത്ത്

തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്നര മണിക്കൂറിലേക്ക് കടന്നപ്പോൾ എൽ.ഡി.എഫിന് മികച്ച മുന്നേറ്റം. രാവിലെ എട്ടു മണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ എൽ.ഡി.എഫ്. എഴുപതിനു മേൽ സീറ്റുകളിൽ മുന്നേറുകയായിരുന്നു. പോസ്റ്റൽ വോട്ടുകളുടെ എണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുകയും വോട്ടിങ് മെഷീനുകൾ ആദ്യ റൌണ്ട് പൂർത്തിയാക്കുകയും ചെയ്തതോടെ എൽ.ഡി.എഫ്. ലീഡ് ചെയ്യുന്ന മണ്ഡലങ്ങൾ തൊണ്ണൂറിന് അടുത്തെത്തി.
നിലവിൽ എൽ.ഡി.എഫ്. 88 ഇടങ്ങളിലും യു.ഡി.എഫ്. 50 ഇടങ്ങളിലും എൻ.ഡി.എ. മൂന്നിടങ്ങളിലുമാണ് ലീഡ് ചെയ്യുന്നത്. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. മുന്നേറ്റമാണ് കാണപ്പെടുന്നത്. ഇരു മുന്നണികളിലെയും പ്രമുഖ നേതാക്കളെല്ലാം തന്നെ ലീഡ് ചെയ്യുന്നുണ്ട്.
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി, പാലായിൽ മാണി സി. കാപ്പൻ, തൊടുപുഴയിൽ പി.ജെ. ജോസഫ്, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, വടകരയിൽ കെ.കെ. രമ എന്നിവരാണ് യു.ഡി.എഫിന്റെ ലീഡ് ചെയ്യുന്ന പ്രമുഖ നേതാക്കൾ. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ, അഴീക്കോട് കെ.വി. സുമേഷ്, ഏലത്തൂരിൽ എ.കെ. ശശീന്ദ്രൻ, തലശ്ശേരിയിൽ എ.എൻ. ഷംസീർ, നിലമ്പൂരിൽ പി.വി അൻവർ തുടങ്ങിയ എൽ.ഡി.എഫ്. നേതാക്കൾ മുന്നിട്ടുനിൽക്കുന്നു.
ബി.ജെ.പി. ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ പാലക്കാട്, നേമം എന്നിവിടങ്ങളിൽ അവർക്ക് ആദ്യഘട്ടത്തിൽ ലീഡ് ഉണ്ട്. തൃശ്ശൂരിൽ സുരേഷ് ഗോപി ഒരു ഘട്ടത്തിൽ മുന്നിട്ടു നിന്നെങ്കിലും പിന്നീട് പിന്നിലേക്കു പോയി.
കടുത്ത മത്സരം നടന്ന ചില മണ്ഡലങ്ങളിൽ ചില പ്രമുഖ സ്ഥാനാർഥികൾ പിന്നിട്ടുനിൽക്കുകയാണ്. തൃശ്ശൂരിൽ പത്മജ വേണുഗോപാൽ, തവനൂരിൽ കെ.ടി. ജലീൽ, നേമത്ത് കെ. മുരളീധരൻ, പൂഞ്ഞാറിൽ പി.സി. ജോർജ്ജ് തുടങ്ങിയവരാണ് പിന്നിട്ടുനിൽക്കുന്നത്. കോന്നിയിലും മഞ്ചേശ്വരത്തും കെ. സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണുള്ളത്.

