തൃശ്ശൂരെടുക്കാതെ ഒരിക്കല്‍ക്കൂടി സുരേഷ് ഗോപി പടിയിറങ്ങി

വോട്ടെണ്ണലിൽ ആദ്യാവസാനം സസ്പെൻസ് നിലനിർത്തിയ മണ്ഡലമായിരുന്നു തൃശ്ശൂർ. അക്ഷരാർഥത്തിൽ ത്രികോണപ്പോരാട്ടം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് നിലനിർത്തുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ 300-350 വോട്ടുകൾക്കപ്പുറം ആ ലീഡ് ഉയർത്താനും സുരേഷിന് കഴിഞ്ഞില്ല. ഉച്ചയോടെ പി. ബാലചന്ദ്രൻ മുന്നേറി, ഇടയ്ക്ക് പത്മജയും ഈ മൂന്നു സ്ഥാനാർഥികളിൽ ആര് തൃശ്ശൂരെടുക്കും എന്ന ആകാംക്ഷയോടെയായിരുന്നു വോട്ടെണ്ണലിന്റെ അവസാന നിമിഷങ്ങൾ. ഒടുവിൽ ആയിരം വോട്ടുകളുടെ ലീഡിൽ തൃശ്ശൂരുകാരുടെ സ്വന്തം ബാൽസി മുന്നിൽ, തൊട്ടുപിറകേ പത്മജ, ഒരൽപ്പം പിന്നിൽ സുരേഷ് ഗോപിയും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് സുരേഷ് ഗോപിയെ ബി.ജെ.പി. വീണ്ടും തൃശ്ശൂരിലിറക്കിയത്. ജയിക്കുമെന്നുറപ്പുളള ഒരു കളിയായിരുന്നു ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം തൃശ്ശൂരിലേത്. എന്നാൽ നേതൃത്വം പ്രതീക്ഷിച്ച പ്രതികരണമായിരുന്നില്ല തുടക്കത്തിൽ തന്നെ സുരേഷ്ഗോപിയിൽ നിന്നുണ്ടായത്. തനിക്കേറെ പ്രിയപ്പെട്ട ലീഡറിന്റെ മകളാണ് എതിരാളി എന്നുളളതാണ് ഈ താല്പര്യക്കുറവിന് പിന്നിലെന്ന് സൂചനകൾ ഉയർന്നിരുന്നു. വിജയസാധ്യതയേക്കാൾ താൻ കാണുന്നത് മത്സരസാധ്യതയാണെന്ന് പറഞ്ഞ് തുടക്കം തന്നെ സുരേഷ് മുൻകൂർ ജാമ്യമെടുത്തു. ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുരേഷ് ഗോപി വൈകിയാണ് മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങിയതും. കരുത്തനായ മൂന്നാമൻ വൈകിയെത്തിയത് തങ്ങൾക്കനുകൂലമാക്കാനുളള തീവ്രശ്രമത്തിലായിരുന്നു മറ്റു രണ്ടു മുന്നണികളും.
പ്രധാനമന്ത്രി മോദിയുടെ നിർദേശ പ്രകാരമാണ് തൃശ്ശൂരിൽ താൻ അങ്കത്തിനിറങ്ങിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ ഞാനങ്ങെടുക്കുകയാണെന്ന് പറഞ്ഞ സുരേഷ് ചുവടൊന്നു മാറ്റി. ജനങ്ങൾ തന്നാൽ താൻ സ്വീകരിക്കും എന്നതായിരുന്നു ഇത്തവണ നിലപാട്. തൃശ്ശൂരിന്റെ വികസനത്തിന് കേന്ദ്രത്തിൽ നിന്നുപോലും പിന്തുണയുണ്ടാകുമെന്ന് കൃത്യമായും വ്യക്തമായും സൂചനകൾ നൽകിക്കൊണ്ടായിരുന്നു സുരേഷിന്റെ പ്രചാരണം.
അല്പം വൈകിയെങ്കിലും കിട്ടിയ പത്തു ദിവസം തൃശ്ശൂർ ജനതയുടെ മനസ്സറിഞ്ഞായിരുന്നു സുരേഷ് ഗോപിയുടെ പ്രചാരണം. ശക്തൻ തമ്പുരാന്റെ പ്രതിമയിൽ മാലയിട്ട് പ്രചാരണം ആരംഭിച്ച സുരേഷ് ഗോപി ശക്തൻ മാർക്കറ്റിലെ തൊഴിലാളികൾക്കിടയിലേക്കും വോട്ടർമാരുടെ വീടുകളിലേക്കും ഇറങ്ങിച്ചെന്നു. മറ്റു സ്ഥാനാർഥികൾക്കൊപ്പം കാണാത്ത ജനസഞ്ചയമായിരുന്നു സുരേഷ്ഗോപിക്ക് ചുറ്റിലും. വൈകിയെത്തിയയാൾ കോട്ട പിടിക്കുന്ന തരത്തിലേക്ക് ഒരു ഘട്ടത്തിൽ തൃശ്ശൂരിൽ മത്സരം മുറുകുകയും ചെയ്തു. പ്രചാരണത്തിൽ അണികളുടെ ആവേശം തൃശ്ശൂർപ്പൂരത്തോളമുയർത്താനും തനിക്കു ചുറ്റും ആൾക്കൂട്ടമുണ്ടാക്കാനും സുരേഷിന് സാധിച്ചെങ്കിലും അത് വോട്ടാക്കിമാറ്റാൻ കഴിഞ്ഞില്ല. തൃശ്ശൂർ തരില്ലെന്ന് തൃശ്ശൂരിലെ ജനങ്ങൾ കട്ടായം പറഞ്ഞു.
തൃശ്ശൂരിനെ സംബന്ധിച്ച് വിജയം ഉറപ്പല്ലെങ്കിൽക്കൂടി വോട്ട് വിഹിതത്തിലെ വർധനവ് ബി.ജെ.പി. ലക്ഷ്യമിട്ടിരുന്നു. ഈ വോട്ടുകൾ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയത്തിലെത്തിക്കുമെന്ന കൃത്യമായ കണക്കുകൂട്ടലും ബി.ജെ.പിക്കുണ്ട്. അങ്ങനെ നോക്കുമ്പോൾ പോരായ്മകൾ കുറേക്കൂടി വ്യക്തമായി മനസ്സിലാക്കാനുളള ഒരു മാതൃകാപരീക്ഷ മാത്രമാണ് ബി.ജെ.പിക്കിത്.
140 മണ്ഡലങ്ങളിൽ 12 ഇടത്തെങ്കിലും വിജയിക്കുമെന്നുളള ബി.ജെ.പി. നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ പാടേ തകർന്നിരിക്കുകയാണ്. സിറ്റിങ് സീറ്റായ നേമം പോലും നിലനിർത്താൻ സാധിക്കാതിരുന്നതും രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ച സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പരാജയവും പാലക്കാട്ട് ഇ. ശ്രീധരന് നേരിടേണ്ടി വന്ന പരാജയവും കേരളത്തിൽ ബി.ജെ.പിക്ക് വേരുകളാഴ്ത്താൻ ഇനിയും സമയം വേണ്ടിവരുമെന്നതിന്റെ സൂചനകളാണ് നൽകുന്നത്.

