രണ്ടാം സർക്കാരിൽ വകുപ്പുകളിലും അഴിച്ചുപണിയുണ്ടാകും

തിരുവനന്തപുരം:പുതുമുഖങ്ങളും യുവരക്തങ്ങളും മന്ത്രിപദത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടാം പിണറായി സർക്കാരിൽ വകുപ്പുകളിലും അഴിച്ചുപണിയുണ്ടായേക്കും. ഓരോ ഘടകകക്ഷിക്കും സ്ഥിരമായി ലഭിക്കുന്ന വകുപ്പുകൾ, മാറി പരീക്ഷിക്കാമെന്ന ആലോചനയാണ് നേതാക്കൾക്കുള്ളത്. കേരള കോൺഗ്രസി (എം) ന്റെ വരവും അതിന് കാരണമാകുന്നുണ്ട്. ധനകാര്യം, ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം സി.പി.എം. ആണ് കൈകാര്യം ചെയ്യാറുള്ളത്. റവന്യൂവകുപ്പ് മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ.ക്കുള്ളതാണ്. ഇതിലൊന്നും മാറ്റം വരാനിടയില്ല. അതേസമയം, മറ്റുവകുപ്പുകളിൽ ചില വെച്ചുമാറൽ വേണമെന്ന അഭിപ്രായം സി.പി.എം. നേതാക്കൾക്കിടയിലുണ്ട്. ചില വകുപ്പുകളിൽ പുതുമയോടെ ഇടപെടാനുള്ള രാഷ്ട്രീയ ക്രമീകരണമെന്ന നിലയിലാണ് ഇതുണ്ടാകുക. എന്നാൽ ഏതെങ്കിലും പാർട്ടിയുടെകാര്യങ്ങളിൽ അധീശത്വ മനോഭാവത്തോടെ ഇടപെടാനുള്ള സി.പി.എം. നീക്കമായി ഇത് മാറില്ല.

