KSDLIVENEWS

Real news for everyone

കെ.ടി. ജലീല്‍ ഇല്ലെങ്കില്‍ മലപ്പുറത്തുനിന്ന് ആരു മന്ത്രിയാകും

SHARE THIS ON

തിരുവനന്തപുരം: ബന്ധുനിയമനത്തിൽ ലോകായുക്ത പരാമർശത്തെ തുടർന്ന് രാജിവച്ച കെ.ടി. ജലീൽ രണ്ടാം പിണറായി സർക്കാരിൽ വീണ്ടും മന്ത്രിയായി വരുമോ എന്ന ചോദ്യം ഉയരുന്നു. ഇത്തവണ ജലീൽ വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയാൽ ചിലപ്പോൾ അദ്ദേഹത്തെ സ്പീക്കർ സ്ഥാനത്തേക്കും പരിഗണിച്ചേക്കാം. ജലീലിനെ ഒഴിവാക്കാൻ തീരുമാനിച്ചാൽ മലപ്പുറത്ത് മുസ്ലിം സമുദായത്തിൽനിന്ന് ഒരാളെന്ന നിലയിൽ താനൂർ എം.എൽ.എ വി. അബ്ദുറഹ്മാനെ പരിഗണിക്കാനുള്ള സാധ്യത ഏറെയാണ്.

മലപ്പുറം ജില്ലയിൽ മുന്നണിയുടെ സ്വാധീനം വളർത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ലീഗിൽനിന്ന് ഇടതുപക്ഷത്തേക്ക് എത്തിയ ജലീലിനെ മന്ത്രിയാക്കിയതിലൂടെ സി.പി.എം. ലക്ഷ്യമിട്ടത്. ഇത്തവണ ജില്ലയിൽ നാല് സീറ്റ് എൽ.ഡി.എഫ്. നിലനിർത്തിയതിനൊപ്പം ലീഗിന്റെ പല ഉറച്ച കോട്ടകളിലും ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. അതിനാൽ ജലീൽ മാതൃകയിൽ ലീഗിന്റെ അപ്രമാദിത്വത്തിൽ കലഹിച്ച് കോൺഗ്രസിൽനിന്ന് ഇടതുചേരിക്കൊപ്പമെത്തിയ അബ്ദുറഹ്മാനെ മന്ത്രിയാക്കാനുള്ള സാധ്യത തള്ളാനാകില്ല.

താനൂരിൽ കഴിഞ്ഞ തവണ അബ്ദു റഹ്മാൻ രണ്ടത്താണിയെ അട്ടിമറിച്ച അബ്ദുറഹ്മാൻ ഇത്തവണ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെയാണ് തോൽപിച്ചത്. സി.ഐ.ടി.യു. പ്രാതിനിധ്യം പരിഗണിച്ച് പൊന്നാനിയിൽനിന്ന് ജയിച്ച മുതിർന്ന നേതാവ് പി. നന്ദകുമാറും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാം.

കഴിഞ്ഞ തവണ ജലീൽ മന്ത്രിയായപ്പോൾ പൊന്നാനി എം.എൽ.എ. പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായി. സി.ഐ.ടി.യു പ്രാതിനിധ്യമായി ആലപ്പുഴ എം.എൽ.എ. പി.പി. ചിത്തരഞ്ജന്റെ പേരും ഉയർന്നുവരാം. അങ്ങനെയെങ്കിൽ ചിലപ്പോൾ നന്ദകുമാറിനെ പരിഗണിച്ചില്ലെന്നും വരാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!