KSDLIVENEWS

Real news for everyone

മാസ്‌ക് ധരിക്കാത്തവരോട് ബലപ്രയോഗം പാടില്ല, ഹൈക്കോടതി

SHARE THIS ON

മാസ്‌ക് ധരിക്കാത്തവരോട് പൊലീസ് ബലപ്രയോഗമോ, അപമര്യാദയായി പെരുമാറുവാനോ പാടില്ലെന്ന് ഹൈക്കോടതി.ഇവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു . പൊലീസില്‍ ചെറിയൊരു വിഭാഗം ശരിയല്ലാത്ത വിധം പെരുമാറുന്നുണ്ട്. ഇതനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. മാസ്‌ക് ധരിക്കാത്തതിന് പൊലീസ് മര്‍ദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ച് കോഴിക്കോട് കൊയിലാണ്ടി സ്വദേശി വൈശാഖ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

എറണാകുളം മുനമ്പത്ത് ഡ്രൈവറായ ഹരജിക്കാരന്‍ ഏപ്രില്‍ 16ന് ഉച്ച ഊണ് കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് നടക്കുമ്പോഴാണ് പൊലീസ് പിടികൂടിയതെന്ന് ഹരജിയില്‍ പറയുന്നു. ഫോണില്‍ സംസാരിക്കാന്‍ മാസ്‌ക് മാറ്റുമ്പോഴാണ് പൊലീസുകാര്‍ പിടികൂടിയത്. പൊലീസുകാര്‍ അസഭ്യം പറയുകയും എതിര്‍ത്തപ്പോള്‍ സ്‌റ്റേഷനില്‍ കൊണ്ടുപോയി രണ്ട് പൊലീസുകാര്‍ ഉപദ്രവിക്കുകയും ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു. എറണാകുളം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപിച്ചാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.

മാസ്‌ക് ധരിക്കാതെയാണ് പുറത്തിറങ്ങിയതെന്ന് ഹരജിക്കാരന്‍ തന്നെ സമ്മതിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ല. സത്യമാണെങ്കില്‍ ഡി.ജി.പിയുടെ ഇടപെടല്‍ വേണ്ടതുണ്ട്.ആരോപണം പരിശോധിച്ച് ഡി.ജി.പി സത്യാവസ്ഥ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. തുടര്‍ന്ന് ഹരജി ഈ മാസം ഏഴിന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!