കാപ്പനെ ഡല്‍ഹി എയിംസില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തെന്ന് ഭാര്യ റൈഹാനത്ത്

ന്യൂഡൽഹി: മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്ത് യു.പിയിലേക്ക് കൊണ്ടുപോയതായി ഭാര്യ റൈഹാനത്ത്. കുടുംബത്തെയോ അഭിഭാഷകനെയോ അറിയിക്കാതെ അതീവ രഹസ്യമായി യു.പിയിലെ മഥുര ജയിലിലേക്ക് മാറ്റിയെന്ന് റൈഹാനത്ത് മാധ്യമം ഓൺലൈനിനോട് പറഞ്ഞു. കാപ്പൻ ഫോൺ ചെയ്താണ് യു.പിയിലെ ജയിലിലേക്ക് മാറ്റിയെന്ന വിവരം പറഞ്ഞത്. വ്യാഴാഴ്ച രഹസ്യമായി യു.പിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിലും കാപ്പൻ കോവിഡ് മുക്തനായിരുന്നില്ല. ചികിത്സ പൂർത്തിയാക്കാതെ തിരക്കിട്ട് യു.പിയിലേക്ക് കൊണ്ടുപോയതെന്തിനെന്ന് വ്യക്തമല്ല. കോവിഡ് പോസിറ്റീവായതിനാൽ മഥുരയിലെ ജയിലിലെ ചെറിയ മുറിക്കുള്ളിൽ അടച്ചിട്ടിരിക്കുകയാണ്. നേരത്തേ വീണ് പല്ലുകൾ പൊട്ടിയതും ഭേദപ്പെട്ടിട്ടില്ല. കൊളസ്ട്രോളും ഷുഗറും എല്ലാം ഉള്ള വ്യക്തിയാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെടാതെയാണ് എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.- റൈഹാനത്ത് പറഞ്ഞു. എയിംസിൽ ചികിത്സയിൽ കഴിയുന്ന കാപ്പനെ കാണാൻ ദിവസങ്ങളായി ഡൽഹിയിൽ തങ്ങുന്ന റൈഹാനത്തിനും മകനും കാപ്പനെ കാണാൻ പൊലീസ് അനുമതി നൽകിയിരുന്നില്ല. കെ.യു.ഡബ്ല്യു.ജെ അംഗങ്ങളുടെ സഹായത്തോടെ ആശുപത്രി അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയും മെയ് 2 ന് വൈകീട്ട് നാലോടെ റൈഹാനത്തും മൂത്ത മകനും എയിംസ് ആശുപത്രിയില്‍ പോവുകയും ചെയ്തെങ്കിലും പൊലീസ് തടയുകയായിരുന്നു. കാപ്പനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു.പി ഹൈകോടതിയിൽ റൈഹാനത്ത് സമർപ്പിച്ച ഹരജി പരിഗണിക്കാനിരിക്കെയാണ് രഹസ്യമായി യു.പിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. കാപ്പനെ കാണാമെന്ന പ്രതീക്ഷ അസ്തമിച്ചതിനാൽ നാളെ കേരളത്തിലേക്ക് മടങ്ങുകയാണെന്നും റൈഹാനത്ത് പറഞ്ഞു. കോവിഡ് പോസിറ്റീവായ സിദ്ദിഖ് കാപ്പനെ സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഏപ്രിൽ 30ന് ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്

