ICU, വെന്റിലേറ്റര്‍ ആവശ്യം വര്‍ധിക്കുന്നു; FLTC സൗകര്യം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യമേഖല പ്രതിസന്ധിയെ അഭിമുഖീകരിച്ചു തുടങ്ങിയെന്ന് ആശങ്ക. കോവിഡ് മൂലം ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഓരോ ദിവസവും വെന്റിലേറ്റർ, ഐ.സി.യു. സൗകര്യമുള്ള കിടക്കകളുടെ ആവശ്യകത കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 274 പേരെയാണ് ഐ.സി.യുവിൽ പ്രവേശിപ്പിക്കേണ്ടിവന്നത്. 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു.
കോവിഡ് വ്യാപനം ഈ രീതിയിൽ തുടർന്നാൽ ഈ കണക്ക് ഇനിയും ഉയരും. വ്യാപനം രൂക്ഷമായ എറണാകുളത്ത് സാഹചര്യങ്ങൾ ഗുരുതരമാണ്. ജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി 50 ശതമാനത്തിന് മുകളിലായി. ഇവിടെ ആശുപത്രികളിൽ ഭൂരിഭാഗവും നിറഞ്ഞുകഴിഞ്ഞു.
ഗുരുതരമല്ലാത്ത രോഗികളെ പാർപ്പിക്കാനുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ സൗകര്യം വർധിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. കോവിഡ് മൂലം ശ്വാസതടസം അനുഭവപ്പെടുന്നവർക്ക് പ്രധാനമായും ലഭിക്കേണ്ടത് ഓക്സിജൻ സൗകര്യമാണ്. ഇത് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.
സംസ്ഥാനത്ത് നിലവിൽ ഐ.സി.യുകളിൽ 2,323 പേരും വെന്റിലേറ്ററിൽ 1,138 പേരും ചികിത്സയിലുണ്ട്. സർക്കാർ-സ്വകാര്യ മേഖലകളിൽ ആയി 508 വെന്റിലേറ്റർ ഐ.സി.യു., 285 വെന്റിലേറ്റർ, 1,661 ഓക്സിജൻ കിടക്കകൾ എന്നിവയാണ് ഒഴിവുള്ളത്. എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഗുരുതര രോഗികളെ പോലും പ്രവേശിപ്പിക്കാൻ സാധിക്കാത്ത നിലയിലേക്ക് ആശുപത്രികൾ നിറയുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്.
രോഗവ്യാപനം ഇനിയും വർധിക്കാതിരുന്നാൽ മാത്രമേ പ്രതിസന്ധിയെ അതിജീവിക്കാൻ സാധിക്കൂ. അതിനാൽ ജനങ്ങൾ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ അഭ്യർഥിക്കുന്നു. രോഗവ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒമ്പത് ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗൺ ആരംഭിച്ചു. വ്യാപനതോത് പ്രതീക്ഷിച്ച നിലയിൽ കുറഞ്ഞില്ലെങ്കിൽ ലോക്ക്ഡൗൺ നീട്ടാനുള്ള സാധ്യതയുമുണ്ട്.

