KSDLIVENEWS

Real news for everyone

ചെന്നിത്തലയ്ക്കും സതീശനുമായി ചേരി തിരിഞ്ഞ് നേതാക്കള്‍: തല പുകഞ്ഞ് ഹൈക്കമാന്റ്

SHARE THIS ON

ന്യൂഡൽഹി: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾക്ക് ഇതുവരെ അന്തിമരൂപമായില്ലെന്നാണ് ഡൽഹിയിൽനിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായേക്കും എന്നതരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ചെന്നിത്തലയ്ക്ക് വേണ്ടി മുതിർന്ന നേതാക്കൾ ശക്തമായി രംഗത്തുള്ളതിനാൽ ഹൈക്കമാന്റിനിടയിൽ ആശയക്കുഴപ്പം തുടരുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ.

കേരളത്തിൽ തിരിച്ചടിയുണ്ടായെന്ന് കോൺഗ്രസ് നേതൃത്വം അംഗീകരിക്കുമ്പോഴും അത് പാർട്ടിയോ പ്രതിപക്ഷ നേതാവോ മികച്ച രീതിയിൽ പ്രവർത്തിക്കാത്തത് കൊണ്ടല്ല എന്ന വിലയിരുത്തലാണ് ഹൈക്കമാന്റിന് ഉള്ളത്. കോൺഗ്രസിന് ഏറ്റ തിരിച്ചടി അപ്രതീക്ഷിതം എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ രമേശ് ചെന്നിത്തല തുടരുന്നതിൽ ഹൈക്കമാന്റിന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, യുവനേതാക്കൾ രമേശ് ചെന്നിത്തല മാറി പുതിയൊരാൾ വരട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതാണ് ഹൈക്കമാന്റിനെ പോലും കുഴപ്പിച്ചത്. ഇതിനിടയിൽ ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തലയെ പിന്തുണച്ചത് ഹൈക്കമാന്റിനെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കി.

ഉമ്മൻ ചാണ്ടിയിൽനിന്ന് ഇത്തരം ഒരു നിലപാട് ഹൈക്കമാന്റ് വൃത്തങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എ ഗ്രൂപ്പ് ഒരാളുടെ പേരും ഐ ഗ്രൂപ്പ് മറ്റൊരാളുടെ പേരും നിർദ്ദേശിക്കുമെന്നാണ് ഹൈക്കമാന്റ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചതാണ് ഹൈക്കമാന്റിനെ പോലും വെട്ടിലാക്കിയിരിക്കുന്നത്. ഗ്രൂപ്പ് വൈര്യം മറന്ന് മുതിർന്ന നേതാക്കൾ ഒന്നിച്ചു നിൽക്കുമ്പോൾ മറുചേരിയിൽ തവമുറമാറ്റം വേണമെന്ന ആവശ്യവുമായി യുവനേതാക്കളും അണിനിരന്നു. ആരെ തള്ളും ആരെ കൊള്ളും എന്നതാണ് ഹൈക്കമാന്റിന് മുന്നിലുള്ള വെല്ലുവിളി.

പാർട്ടിയെയും മുന്നണിയെയും ഒരു പോലെ മുന്നോട്ട് കൊണ്ടുപോകേണ്ട ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിനുണ്ട്. അതിനാൽ തന്നെ പരിചയ സമ്പത്തുള്ളവർ വരട്ടെയെന്ന നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്. മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത ശേഷം ഇന്നു തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!