ഓൺലൈൻ, ഹോം ഡെലിവറി; ഇളവ് പ്രയോജനപ്പെടുത്തിയത് ചുരുക്കം സ്ഥാപനങ്ങൾ മാത്രം

കാസർകോട് ∙ കോവിഡ് ലോക് ഡൗണിൽ ടെക്സ്റ്റൈൽ, ജ്വല്ലറി സ്ഥാപനങ്ങൾക്ക് ഓൺലൈൻ, ഹോം ഡെലിവറി വ്യാപാരം നടത്താമെന്ന സർക്കാർ ഇളവ് വ്യാപാരികൾക്ക് താൽക്കാലിക ആശ്വാസമെങ്കിലും ആശയക്കുഴപ്പം വ്യാപകം. അവ്യക്തത കാരണം ഭൂരിഭാഗം കടകൾക്കും പുതിയ ഉത്തരവ് പ്രയോജനപ്പെടുത്താനായില്ല.
ഹോം ഡെലിവറി, ഓൺലൈൻ സംവിധാനങ്ങളില്ലാത്ത ചെറുകിട വ്യാപാരികൾക്ക്് പുതിയ ഇളവ് യാതൊരു ഗുണവും ചെയ്യില്ലെന്നും പരാതിയുണ്ട്, ഹോം ഡെലിവറി, ഓൺലൈൻ വിൽപന എന്നിവയ്ക്കായി കുറച്ചു ജീവനക്കാരെ വച്ചു ടെക്സ്റ്റൈൽ, ജ്വല്ലറി ഷോറും തുറക്കാമെന്നും വിവാഹ സംഘങ്ങൾക്കു ഒരു മണിക്കൂർ വരെ ഷോറൂമുകൾ സന്ദർശിക്കാമെന്നുമാണ് സർക്കാർ നിർദേശം. സർക്കാർ നിർദേശത്തിൽ ജില്ലയിൽ ചില സ്ഥാപനങ്ങൾ ഇന്നലെ ഭാഗികമായി തുറന്നു.
ഉത്തരവ് സംബന്ധിച്ചു വ്യക്തത ഇല്ലെന്നതിന്റെ പേരിൽ പല സ്ഥാപനങ്ങളും തുറന്നിട്ടില്ല. തിങ്കളാഴ്ചയോടെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കോവിഡ് ലോക് ഡൗൺ കാലത്തെ നഷ്ടത്തിൽ നിന്നു കരകയറുന്നതിനിടെയാണ് ടെക്സ്റ്റൈൽ, ജ്വല്ലറി സ്ഥാപനങ്ങൾ വീണ്ടും അടച്ചിട്ടു കോവിഡ് ലോക്ഡൗണിൽ പ്രവേശിച്ചത്. കോവിഡിൽ കഴിഞ്ഞവർഷം വിഷു, പെരുന്നാൾ, ഓണം,ക്രിസ്മസ് സീസണുകളാണ് വ്യാപാരികൾക്കു നഷ്ടമായത്.
ഇത്തവണ വിഷു സീസൺ പകുതി കിട്ടിയെങ്കിലും പെരുന്നാൾ സീസൺ നഷ്ടമായി. സീസൺ അല്ലാത്ത അവസരങ്ങളിൽ പ്രതിദിനം 4 ലക്ഷം രൂപ വരെ വിറ്റുവരവ് കാട്ടിയിരുന്ന സ്ഥാപനങ്ങൾ ലോക്ഡൗണിൽ അടഞ്ഞു കിടന്നപ്പോൾ വൈദ്യുതി ചാർജ്, ജീവനക്കാരുടെ ശമ്പളം, കെട്ടിട വാടക, നികുതി ,ബാങ്ക് വായ്പ പലിശ തുടങ്ങിയ ഇനങ്ങളിൽ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയാണുണ്ടായത്.
വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ വിവാഹ സംഘങ്ങൾക്കായി തുറന്നു
കാസർകോട്ടും കാഞ്ഞങ്ങാട്ടും ഇന്നലെ ചില പ്രധാന വസ്ത്രവ്യാപാര സ്ഥാപനങ്ങൾ തുറന്നു. കോവിഡ് മാനദണ്ഡം പാലിച്ച് നിയന്ത്രണങ്ങളോടെയായിരുന്നു ഇടപാടുകാർക്കു പ്രവേശം. വിവാഹ പാർട്ടികൾ ബന്ധപ്പെട്ട ടെക്സ്റ്റൈൽ ഷോപ്പുകളിൽ പ്രത്യേക സമയം ചോദിച്ചു ടോക്കൺ പ്രകാരം ചെന്നു സാധനങ്ങളെടുത്തു. മൂന്നോ നാലോ പേർക്കു മാത്രമായിരുന്നു പ്രവേശന അനുമതി. സർക്കാർ നിർദേശിച്ച ഒരു മണിക്കൂർ കഴിഞ്ഞ് അടുത്ത പാർട്ടിക്ക് അനുമതി നൽകി.
കാത്തിരിക്കുന്നതിനു സ്ഥാപനത്തിൽ പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. കെട്ടിടത്തിൽ വിശാല സൗകര്യമുള്ള ഇടങ്ങളിൽ ഒരേ സമയം രണ്ടും മൂന്നും പാർട്ടികൾക്കു വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ അവസരം കിട്ടി. വാട്സാപ് വഴി വസ്ത്രങ്ങളും ആഭരണങ്ങളും കണ്ട് വസ്ത്രം, ജ്വല്ലറി സ്ഥാപനങ്ങളിൽ ചെന്ന് ചുരുങ്ങിയ സമയം കൊണ്ട് ഇടപാട് നടത്തി മടങ്ങാനുള്ള സൗകര്യവും ഉണ്ടായിരുന്നു.
“തുണിത്തരങ്ങൾ നശിച്ചും വാടക പോലും കൊടുക്കാനാകാതെയും കട ബാധ്യതയിൽപ്പെട്ട വ്യാപാരികൾക്ക് തെല്ല് ആശ്വാസമാണ് സർക്കാർ ഇറക്കിയ പുതിയ ഇളവ്. സർക്കാർ നൽകിയ അവസരം ദുരുപയോഗപ്പെടുത്തരുത്. കുട്ടികളെ ഒരു തരത്തിലും കൊണ്ടു വരരുത്. ഇടപാടുകാർ സ്ഥാപനത്തിലെ ഫോണിൽ ബന്ധപ്പെട്ട് സമയം ചോദിച്ചു സമയക്രമം അനുസരിച്ചു വന്നു പർച്ചേസ് ചെയ്യാം.” – നാരായണൻ മൂത്തൽ (പിആർഒ, ഇമ്മാനുവൽ സിൽക്സ്, കാഞ്ഞങ്ങാട്.)
“കോവിഡ് ലോക്ഡൗണിൽ ഇപ്പോൾ നൽകിയ ഇളവ് 30 ശതമാനത്തോളമുള്ള ഇടത്തരം, വൻകിട സ്ഥാപനങ്ങൾക്കു മാത്രമാണ് ഭാഗികമായി ആശ്വാസം നൽകുക. ഓൺലൈൻ സംവിധാനങ്ങളില്ലാത്ത ചെറുകിട വ്യാപാരികളും ഇവിടെയുള്ള തൊഴിലാളികളും അനുഭവിക്കുന്ന കട ബാധ്യതയും ദുരിതവും തുടരും. അവർക്കു ഇതു കൊണ്ട് പ്രയോജനമില്ല. ജില്ലയിൽ 120 ഓളം ജ്വല്ലറികളിലായി 1200 ഓളം തൊഴിലാളികളുണ്ട്. കടകൾ അടച്ചിട്ടപ്പോഴും തൊഴിലാളികൾക്കു പകുതി ശമ്പളം കൊടുത്തിട്ടുണ്ട് .അടച്ചിട്ട കാലത്ത് ബാങ്ക് വായ്പാ തിരിച്ചടവ് പലിശയിൽ ഇളവ് കിട്ടിയിട്ടില്ല. ആഴ്ചയിൽ 3 ദിവസമെങ്കിലും ദിവസം 6 മണിക്കൂർ എന്ന നിലയിൽ കടകൾ പ്രവർത്തിക്കാൻ അനുമതി നൽകണം.” – കെ.എ.അബ്ദുൽ കരീം, (വർക്കിങ് പ്രസിഡന്റ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ.

