ഹര്‍ഷ വര്‍ധനും തള്ളി പറഞ്ഞു; അലോപ്പതിക്കെതിരായ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് രാംദേവ്

ഹര്‍ഷ വര്‍ധനും തള്ളി പറഞ്ഞു; അലോപ്പതിക്കെതിരായ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് രാംദേവ്
ബാബ രാംദേവും ഹര്‍ഷവര്‍ദ്ധനും
ന്യൂഡൽഹി: അലോപ്പതി ചികിത്സാരീതിക്കെതിരെ ഉന്നയിച്ച വിവാദ പരാമർശങ്ങൾ യോഗ ഗുരു ബാബാ രാംദേവ് പിൻവലിച്ചു. പരാമർശങ്ങൾ വലിയ വിവാദമായതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആരോഗ്യ മന്ത്രി ഹർഷ വർദ്ധനും രാംദേവിനെതിരെ രംഗത്തെത്തിയിരുന്നു. പരാമർശം പിൻവലിക്കണമെന്ന് ഹർഷ വർദ്ധൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാംദേവ് പിൻവലിഞ്ഞത്.
അലോപ്പതി മരുന്നുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ വളരെ കൂടുതലാണ് അതെന്നും അടുത്തിടെ നടന്ന ഒരു പരിപാടിയിൽ രാംദേവ് പറഞ്ഞിരുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
‘ഡോ.ഹർഷ വർദ്ധൻ താങ്കളുടെ കത്ത് ലഭിച്ചു.ഈ സാഹചര്യത്തിൽ വ്യത്യസ്ത ചികിത്സാ രീതികളെ കുറിച്ചുള്ള മുഴുവൻ വിവാദങ്ങളും അവസാനിപ്പിക്കാൻ ഖേദത്തോടെ ഞാൻ എന്റെ പ്രസ്താവന പിൻവലിക്കുകയാണ്’ ബാബ രാംദേവ് ട്വീറ്റ് ചെയ്തു.
അതേ സമയം പ്രസ്താവന പിൻവലിച്ച് തൊട്ടുപിന്നാലെ രാംദേവിന്റെ ഒരു റീട്വീറ്റും ശ്രദ്ധേയമായി.’
‘യോഗയും ആയുർവേദവും ആരോഗ്യത്തെ സമർത്ഥമാക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന് പരിമധികളുണ്ട്. അത് രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയേ നൽകുന്നുള്ളൂ. അതേ സമയം യോഗയും ആയുർവേദവും വ്യവസ്ഥപരമായ ചികിത്സ നൽകുന്നു’ രാംദേവ് റീട്വീറ്റ് ചെയ്ത പോസ്റ്റിൽ പറയുന്നു.
അലോപ്പതി ചികിത്സാരീതിക്കെതിരെ യോഗ ഗുരു ബാബാ രാംദേവ് ഉന്നയിച്ച പരാമർശങ്ങൾ രാജ്യത്തെ കോവിഡ് പോരാളികളെ അപമാനിക്കുന്നവയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞത്.
സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി മഹാമാരിക്കെതിരെ പോരാടുന്ന കോവിഡ് പോരാളികളെ മാത്രമല്ല, രാജ്യത്തെ പൗരന്മാരെ കൂടിയാണ് രാംദേവിന്റെ വാക്കുകൾ അപമാനിക്കുന്നത്. അലോപ്പതി ചികിത്സ നിരവധി പേരെ രക്ഷിച്ചിട്ടുണ്ട്. രാംദേവിന്റെ വാക്കുകൾ ദൗർഭാഗ്യകരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പ്രതികരിച്ചു.
രാജ്യത്തെ പൗരന്മാർക്ക് ആരോഗ്യപ്രവർത്തകർ ദൈവത്തെ പോലെയാണ്. ആ പൗരന്മാരെ കൂടിയാണ് നിങ്ങൾ അപമാനിച്ചത്. വിവാദ പരാമർശത്തിൽ രാംദേവ് കഴിഞ്ഞ ദിവസം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും പരാമർശം പിൻവലിക്കണമെന്നും ഹർഷ വർധൻ രാംദേവിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.
അലോപ്പതിയെ വിവേകശൂന്യമെന്നടക്കം രാംദേവ് വിശേഷിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബാബ രാംദേവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നേരത്തെ രംഗത്തുവന്നിരുന്നു.
കോവിഡിനെ സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് രാംദേവിന്റെ പതജ്ഞലിയുടെ മരുന്ന് പുറത്തിറക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ പങ്കെടുത്തത് വിവാദമായിരുന്നു.

