പ്രഫുല്‍ പട്ടേലിന് ഏകാധിപത്യ പ്രവണത: തിരിച്ചുവിളിക്കണമെന്ന് ലക്ഷദ്വീപ് എംപി

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരേ രൂക്ഷ വിമർശനവുമായി ലക്ഷദ്വീപ് എം.പി.മുഹമ്മദ് ഫൈസൽ പഞ്ചായത്തിന്റെ അധികാരങ്ങൾ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കവർന്നെടുക്കുന്നുവെന്ന് എംപി ആരോപിച്ചു.
അദ്ദേഹം വന്നതുമുതൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന നിയമനിർമാണങ്ങൾ സ്വാർഥ താല്പര്യത്തോടുകൂടിയുളളതാണ്. അദ്ദേഹത്തിന്റെ പുതിയ പരിഷ്കാരങ്ങൾ ലക്ഷദ്വീപിന് പ്രശ്നങ്ങളുണ്ടാക്കുന്നവയാണ്. പ്രഫുൽ പട്ടേലിന്റേത് ഏകാധിപത്യ പ്രവണതയാണ്. പ്രഫുൽ പട്ടേലിനെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ആഭ്യന്തരമന്ത്രി അമിത്ഷായെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കണ്ട് ചർച്ച നടത്തിയെന്നും എം.പി.അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്, ഗുണ്ടാ ആക്ട് നടപ്പാക്കൽ, ഗോമാംസ നിരോധനം, രണ്ടുകുട്ടികളിൽ കൂടുതലുളളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല തുടങ്ങി പ്രഫുൽ പട്ടേലിന്റെ നിയമപരിഷ്കാരങ്ങൾക്കെതിരേ ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമായിരുന്നു.
മുൻ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമയുടെ മരണത്തെ തുടർന്നാണ് പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതല ഏൽപ്പിക്കുന്നത്.

