KSDLIVENEWS

Real news for everyone

സ്ഥാനക്കയറ്റത്തോടെ നിയമിച്ചിട്ടും ജോലിക്കെത്താതെ നഴ്സിങ് ഓഫിസർമാർ; നടപടിക്ക് ഒരുങ്ങി ആരോഗ്യവകുപ്പ്

SHARE THIS ON

കാസർകോട് ∙ ജില്ലയിലെ 3 ആശുപത്രികളിലേക്ക് സ്ഥാനക്കയറ്റത്തോടെ നിയമിച്ച നഴ്സിങ് ഓഫിസർ ഗ്രേഡ് വൺ (സ്റ്റാഫ് നഴ്സ് ഗ്രേഡ് വൺ) തസ്തികയിൽ ജോലിയിൽ പ്രവേശിക്കാത്തവർക്കെതിരെ നടപടി എടുക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. നിയമന ഉത്തരവ് നൽകി ദിവസങ്ങളായിട്ടും ജോലിക്ക് ഹാജരാകാത്തവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫിസറോടു നിർദേശിച്ചു. കാസർകോട് ജില്ലയിലേക്കു നിയമിച്ച 67 നഴ്സിങ് ഓഫിസർമാരിൽ 13 പേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചതെന്ന വാർത്ത മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. അതതു ജില്ലകളിൽ നിന്നു നിയമന ഉത്തരവ് നൽകുമ്പോൾ ജോലിയിൽ പ്രവേശിക്കാതെ മാതൃജില്ലയിൽ തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ നേരിട്ടും ഓഫിസിലേക്കും സർക്കാരിലേക്കുമായി അപേക്ഷകൾ അയയ്ക്കുന്നതായും ഇതു നിലവിലുള്ള പെരുമാറ്റച്ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും അഡീഷനൽ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നു നിയമന ഉത്തരവ് നൽകുമ്പോൾ ജീവനക്കാർ അതതു സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കേണ്ടതാമെന്നും ആയതിനു ശേഷം ഡിഎംഒയുടെ ശുപാർശ സഹിതം സ്ഥലമാറ്റത്തിന് അപേക്ഷിക്കാവുന്നതാണെന്നും അല്ലാത്ത അപേക്ഷകൾ പരിഗണിക്കുകയില്ലെന്നും ഉത്തരവിലുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യമായിട്ടു പോലും ജോലിയിൽ പ്രവേശിക്കാത്തത് ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതോടൊപ്പം നിലവിലുള്ളവരുടെ ജോലി ഭാരം ഇരട്ടിയാക്കുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ 23, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി 14, തെക്കിൽ ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രി 30 എന്നിങ്ങനെ നിയമിച്ചതിൽ ഈ 3 കേന്ദ്രങ്ങളിലുമായി ഇതുവരെ ജോലിക്കെത്തിയത് 13 പേർ മാത്രമാണ്. പാലക്കാട് നിന്നു കാസർകോട്ടേക്കു നിയമിച്ചവരെ അതേ ജില്ലയിലേക്ക് തന്നെ മാറ്റി നിയമിച്ചു പാലക്കാട് നിന്നു സ്ഥാനക്കയറ്റം നൽകി കാസർകോട്ടെ വിവിധ ആശുപത്രികളിലേക്ക് നിയമിച്ച 21 നഴ്സിങ് ഓഫിസർമാരെ (ഗ്രേഡ്1) ദിവസത്തിനുള്ളിൽ അതേ ജില്ലയിലേക്കു തന്നെ മാറ്റി നിയമിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ ജില്ലയിലെ ആരോഗ്യമേഖലയിലെ ജീവനക്കാരുടെ എണ്ണക്കുറവിനു പരിഹാരമാകുമെന്ന പ്രതീക്ഷയാണ് ഇതോടെ നഷ്ടമാക്കിയത്. മേയ് 5നാണ് പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നുള്ള 67 പേരെ കാസർകോട് ജില്ലയിലെ 3 ആശുപത്രികളിലേക്കു നിയമിച്ചത്. ഇതിൽ കഴിഞ്ഞ ദിവസം വരെ 13 പേർ മാത്രമാണ് ജോലിയിൽ പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവരോട് ഉടൻ നിയമിച്ച ആശുപത്രികളിൽ ജോലിയ്ക്കെത്താൻ അഡീഷനൽ ഡയറക്ടർ നിർദേശിച്ചിരുന്നു. എന്നാൽ പാലക്കാട് ജില്ലയിൽ ഗ്രേഡ് വൺ നഴ്സിങ് ഓഫിസർമാരുടെ 25 ഒഴിവുകൾ ഉള്ളതിനാൽ ജില്ലയിൽ നിന്നു കാസർകോടേക്ക് മാറ്റിയവരെ ജില്ലയിൽ തന്നെ നിലനിർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അഭ്യർഥിച്ചതോടെയാണ് അവരെ മാതൃജില്ലയിൽ തന്നെ നിയമിച്ച് ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടർ പുതിയ ഉത്തരവിറക്കിയത്. എന്നാൽ കാസർകോട് ജില്ലയിലേക്ക് പാലക്കാട് നിന്നു നിയമിച്ചവർക്കു പകരമായി മറ്റിടങ്ങളിൽ നിന്നായി ആരെയും നിയമിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!