KSDLIVENEWS

Real news for everyone

ലക്ഷദ്വീപില്‍ സന്ദര്‍ശക വിലക്ക് നിലവില്‍ വന്നു; പ്രതിഷേധങ്ങള്‍ക്കിടെ അഡ്മിനിസ്ട്രേറ്റര്‍ ഇന്ന് എത്തിയേക്കും

SHARE THIS ON

കവരത്തി: ലക്ഷദ്വീപിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. എഡിഎമ്മിൻ്റെ അനുമതി ഉള്ളവർക്ക് മാത്രമാണ് നാളെ മുതൽ ദ്വീപിലേക്ക് സന്ദർശനാനുമതി. നിലവിൽ സന്ദർശനത്തിനെത്തി ദ്വീപിലുള്ളവർക്ക് പാസ് നീട്ടണമെങ്കിലും എഡിഎമ്മിൻ്റെ അനുമതി വേണം. കൊവിഡ് വ്യാപനത്തിൻ്റെ പേരിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

അതിനിടെ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേലിനെതിരെ വിമര്‍ശനവുമായി  മുൻ അഡ്മിനിസ്ട്രേറ്റര്‍ ഉമേഷ് സൈഗാൾ രം​ഗത്തെത്തി.
പുതിയ തീരുമാനങ്ങൾ ദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് ഉമേഷ് സൈഗാൾ അഭിപ്രായപ്പെട്ടു. ഗുണ്ട ആക്ടും അംഗനവാടികൾ അടച്ചു പൂട്ടിയതും ഉദ്യോഗസ്ഥരെ മാറ്റിയതും മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചതും തെറ്റായ നടപടികളാണ്. അഡ്മിനിസ്ട്രേറ്റര്‍ക്ക് പ്രത്യേക അജണ്ടയുള്ളതായി സംശയിക്കുന്നതായും ഉമേഷ് സൈഗാൾ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് അയച്ച കത്തിലാണ് ഉമേഷ് സൈഗാളിൻറെ പരാമര്‍ശം.

പുതിയ നിയമപരിഷ്കാരങ്ങളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും ജില്ലാപഞ്ചായത്തും തുറന്ന പോരിലാണ്. വകുപ്പ് സെക്രട്ടറി എ ടി ദാമോദർ അമിതാധികാരം ഉപയോഗിക്കുന്നു എന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി ഹസ്സന്‍ കത്തയച്ചു. അഡിമിനിസ്ട്രേഷന് എതിരെ പ്രതിഷേധമറിയിച്ച് കവരത്തി പഞ്ചായത്ത് പ്രമേയം   പാസാക്കിയതിന് പിന്നാലെയാണ് അഡ്മിനിസ്ട്രേഷനെതിരെ പ്രത്യക്ഷ പോരുമായി ജില്ലാപഞ്ചായത്തും രംഗത്തെത്തിയിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!